സൗദി ജയിലിൽ മോചനം കാത്ത് കഴിയുന്ന അബ്ദുൽ റഹീമിനെ സന്ദർശിക്കാനുള്ള ഉമ്മയുടെ ശ്രമം ഫലവത്തായില്ല. നേരിൽ കാണാൻ ശ്രമിച്ചെങ്കിലും റഹീം വിസമ്മതിച്ചതിനെ തുടർന്നു ഉമ്മ ഫാത്തിമ വിഡിയോ കോളിൽ സംസാരിച്ചു.
റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലാണ് ഉമ്മയും സഹോദരൻ എം.പി.നസീർ, അമ്മാവൻ അബ്ബാസ് എന്നിവർ എത്തിയത്. ഉമ്മയ്ക്ക് മാത്രമാണ് ജയിലിന് അകത്തേക്ക് അധികൃതർ പ്രവേശനം അനുവദിച്ചത്. ചിലരുടെ ഇടപെടലാണു റിയാദിൽ എത്തിയ ഉമ്മയ്ക്ക് മകനെ നേരിൽ കാണാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചതെന്നു കുടുംബം ആരോപിച്ചു. അതേസമയം, മോചനം വൈകുമെന്ന ഭയത്തിലാണ് നേരിട്ട് കാണാത്തതെന്നാണ് അറിയുന്നത്.
18 വർഷമായി റഹീമിന്റെ മോചനത്തിനു പ്രവർത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലേക്ക് പോയതെന്നാണു വിവരം. മോചന നടപടികളുടെ ഭാഗമായി 17ന് കേസ് പരിഗണിക്കാനിരിക്കെ തന്നെ കാണാൻ ജയിലിലേക്ക് വരേണ്ടതില്ലെന്നു റഹീം കുടുംബത്തെ നേരത്തേ അറിയിച്ചതായും സൂചനയുണ്ട്.
റഹീമിന്റെ ജയിൽ മോചന നടപടികൾ നീളുന്ന സാഹചര്യത്തിൽ കഴിഞ്ഞ 30നാണ് ഉമ്മയും സഹോദരനും നേരിൽ കാണാൻ സൗദിയിലേക്ക് പോയത്. റിയാദ് ജയിലിൽ എത്തി റഹീമിനെ കണ്ട ശേഷം ഉംറ തീർഥാടനം നിർവഹിച്ചു മടങ്ങാനായിരുന്നു തീരുമാനം.
കഴിഞ്ഞ മാസം 21ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നു കുടുംബം പ്രതീക്ഷിച്ചിരുന്നു. അന്നു കോടതി സിറ്റിങ് നടന്നെങ്കിലും കേസ് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നായിരുന്നു കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നു കോടതി അറിയിച്ചിരുന്നു. കേസ് ഇനി 17ന് പരിഗണിക്കുമെന്നു അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന പ്രതീക്ഷയിലാണ് നിയമ സഹായ സമിതി.
അബ്ദുറഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ട് വ്യാജ്യപ്രചാരണങ്ങളും അഭ്യൂഹങ്ങളും പരത്തുന്നതിൽനിന്ന് യൂട്യൂബർമാരും ഇൻഫ്ലൂവൻസർമാരും മാറിനിൽക്കണമെന്ന് റിയാദ് റഹീം സഹായ സമിതി. കുറച്ചു ദിവസമായി വിവിധ കോണുകളിൽനിന്ന് കൃത്യമായ വിവരങ്ങളില്ലാതെ രാജ്യത്തിൻ്റെ നിയമസംവിധാനത്തെ അവഹേളിക്കുന്നതും സഹായസമിതി അംഗങ്ങളെ ആക്ഷേപിക്കുന്നതുമായ വിഡിയോകൾ യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു വിശദീകരണത്തിന് തയ്യാറാവുന്നതെന്ന് സമിതി ചെയർമാൻ സി.പി. മുസ്തഫ പറഞ്ഞു.