തിരുവനന്തപുരം: കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പി.ആര്‍ ഏജന്‍സികള്‍ ഒന്ന് തന്നെയാണോ? നവംബര്‍ മാസം കേന്ദ്രവും കേരളവും പ്രഖ്യാപിച്ച പരിപാടികളും അതിനായി അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ ഉത്തരവുമാണ് ഒരേ പി.ആര്‍. ഏജന്‍സികളാണ് ഇരുവര്‍ക്കുമെന്ന സംശയം ബലപ്പെടുത്തുന്നത്.
വികാസിത് ഭാരത് സങ്കല്‍പ് യാത്രയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തിറങ്ങുമ്പോള്‍, കേരളത്തില്‍ പിണറായി നടത്തുന്നത് നവകേരള സദസ്സാണ്. ഇവ രണ്ടും നവംബര്‍ മാസത്തിലാണ് ആരംഭിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇരു പരിപാടികളും. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പഞ്ചായത്ത് തലം വരെ പ്രചരിപ്പിക്കാനാണ് നവംബര്‍ 20 മുതല്‍ 2024 ജനുവരി 25 വരെയുള്ള വികാസ് ഭാരത് സങ്കല്പ് യാത്ര. ഇതിന്റെ തയ്യാറെടുപ്പിനായി ജില്ലാ രഥ പ്രഭാരിമാരായി (സ്‌പെഷ്യല്‍ ഓഫീസര്‍) ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുളള ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
സമാന പരിപാടിയാണ് കേരളവും സംഘടിപ്പിക്കുന്നത്. നവകേരള സദസ്സിലൂടെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരണമാണ് ലക്ഷ്യം വെയ്ക്കുന്നത്. മണ്ഡലതല സംഘാടക സമിതി രൂപീകരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കളക്ടര്‍ക്കും എംഎല്‍എമാര്‍ക്കും ഉത്തരവാദിത്തങ്ങള്‍ നല്‍കിക്കൊണ്ടുള്ള നിര്‍ദ്ദേശത്തില്‍ സ്‌പോണ്‍സര്‍ഷിപ്പിനുള്ള വഴികള്‍ തേടാനും പറയുന്നുണ്ട്. കേന്ദ്രത്തിന്റെ പരിപാടിക്ക് സ്‌പോണ്‍സര്‍ ഷിപ്പില്ലെന്ന വ്യത്യാസം മാത്രമേ പ്രത്യക്ഷത്തിലുള്ളൂ.
ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥര്‍ മുതല്‍ പോസ്റ്റല്‍ സര്‍വിസിലെ ഉദ്യോഗസ്ഥരെ വരെ വികാസിത് ഭാരത് സങ്കല്‍പ് യാത്രക്കുവേണ്ടി ചുമതലപ്പെടുത്തി ഈ മാസം 17 ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തില്‍ നിന്ന് ഉത്തരവിറങ്ങി.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് 27 കോടി മുടക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച കേരളീയം പരിപാടി. ഒക്ടോബര്‍ 16 നാണ് ഈ ഉത്തരവ് ഇറങ്ങിയത്. കേരളീയം പരിപാടിക്ക് ടെണ്ടര്‍ വേണ്ട എന്ന് പ്രഖ്യാപിച്ചത് വിവാദത്തിലായിരുന്നു.
140 നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും കേരളീയം പരിപാടി തീരുമ്പോള്‍ 200 കോടിയെങ്കിലും ചെലവാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. ഗ്രൗണ്ട്, സ്റ്റേജ്, കസേര, ലൈറ്റ് ആന്റ് സൗണ്ട്, മറ്റ് അനുബന്ധ ചെലവുകള്‍ അതാത് മണ്ഡലങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം സമാഹരിക്കണമെന്ന് ധനവകുപ്പിന്റെ തീട്ടൂരം.
അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ സമാന പരിപാടികളുടെ ഉത്തരവുകള്‍ ഒരേ പി.ആര്‍. ഏജന്‍സികളാണോ ഇരുവര്‍ക്കും എന്ന സംശയമാണ് ഉയര്‍ത്തുന്നത്. ബി.ജെ.പി സംഖ്യത്തിലുള്ള ജനതാദളിലെ കൃഷ്ണന്‍കുട്ടി പിണറായി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ ഒരേ ആത്മാവും രണ്ട് ശരീരവും ആണ് ബി.ജെ.പിയും സിപിഎമ്മും എന്ന് പ്രതിപക്ഷം ആരോപണം ശക്തിപ്പെടുകയാണ്.
അതിനു കൂടുതല്‍ കരുത്ത് പകരുകയാണ് കേന്ദ്രവും കേരളവും നവംബറില്‍ പ്രഖ്യാപിച്ച സമാന പരിപാടികളും. പി.ആര്‍. ഏജന്‍സികള്‍ ഇരുവരുടെയും ഒന്ന് എന്ന് വ്യക്തം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പി.ആര്‍. ഏജന്‍സികളുടെ പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണ്. ഇത് കൃത്യമായി മനസിലാക്കി ഏറ്റവും മികച്ച പി.ആര്‍. ഏജന്‍സികളെ പോക്കറ്റിലാക്കാന്‍ ശക്തമായ മല്‍സരമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയില്‍ നടക്കുന്നത്.
പ്രശാന്ത് കിഷോറിനെ പോലുള്ളവരുടെ സേവനം വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു സംസ്ഥാനത്ത് പ്രശാന്ത് കിഷോറിന്റെ പി.ആര്‍ സേവനം ഭരണപക്ഷത്തിനാണെങ്കില്‍ മറ്റൊരു സംസ്ഥാനത്ത് പ്രശാന്ത് കിഷോറിന്റെ സേവനം കിട്ടുന്നത് പ്രതിപക്ഷത്തിനായിരിക്കും.
പി.ആര്‍. ഏജന്‍സിയുടെ പ്രാധാന്യം ഏറ്റവും നന്നായറിയാവുന്ന രാഷ്ട്രീയക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി . കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ വ്യത്യസ്തനല്ല. കേഡര്‍ പാര്‍ട്ടിയാണെങ്കിലും 2016 ല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പിണറായി ആശ്രയിച്ചത് മൈത്രി എന്ന പി.ആര്‍. ഏജന്‍സിയെ ആയിരുന്നു.
എല്‍.ഡി.എഫ് വരും എല്ലാ ശരിയാകും എന്ന മുദ്രാവാക്യം എല്‍.ഡി.എ എഫിന് നല്‍കിയതും മൈത്രി എന്ന പി.ആര്‍. ഏജന്‍സിയാണ്. 2021 ലെ തെരഞ്ഞെടുപ്പിന് 2 വര്‍ഷം മുമ്പ് തന്നെ മുംബെയില്‍ നിന്നുള്ള പി.ആര്‍. ഏജന്‍സിയുടെ സേവനമാണ് പിണറായി തേടിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞ ആഴ്ച നടന്ന പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.