പാലക്കാട്: തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പാലക്കാട്ട് പ്രചാരണത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍. പ്രചാരണത്തില്‍ നിന്ന് വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല. സംഘടനയിൽ ഒരാൾ കയറിവരുന്നതിന് വലിയ തപസ്യയുണ്ട്. അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകൾ വരുന്നത് വലിയ സങ്കടം ഉണ്ട്. ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേർത്തു നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടത്. അതാണ് നേതൃഗുണം
താൻ പരാതി ഉന്നയിച്ച ആളാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു വരണം എന്ന് പറയുമ്പോൾ തന്റെ ഭാഗത്തെ തെറ്റുണ്ട് എന്ന ദുസൂചനയുണ്ട്. ഈ പ്രശ്നം ആദ്യം അഞ്ചുദിവസം ലോകത്ത് ആരോടും പറയാതെയിരുന്നത് പാർട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽവച്ച് സഹപ്രവർത്തകനെ അവഹേളിച്ചു കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡണ്ട് ചെയ്യേണ്ടത്.
സാമാന്യ നീതി കാണിക്കുന്നതിന് പകരം ഉത്തരവിടുന്നത് പോലെ നിങ്ങൾ പ്രചരണത്തിൽ വന്ന് പങ്കെടുത്താൽ മതി എന്നാണ് പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കാമെന്ന് പറഞ്ഞ് ഇന്നേവരെ ഉന്നയിക്കപ്പെട്ട ഏതെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് ബിജെപി പ്രവർത്തകർ പറയട്ടെ. തന്റെ പ്രശ്നം തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയത് ബിജെപിയുടെ വൈസ് പ്രസിഡണ്ടായ രഘുനാഥ് ആണ്.
കെ സുരേന്ദ്രനെതിരെ താൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല. വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാർത്ഥിക്ക് വേണ്ടി ഗൃഹസമ്പർക്കം നടത്തിയ ആളാണ് താൻ.
ഉന്നയിച്ച വിഷയങ്ങളിൽ താൻ ഒരു പ്രസക്തമായ ഘടകം അല്ല എന്ന് പറയുമ്പോൾ അഭിമാനം പണയം വെച്ച് അവിടേക്ക് തിരിച്ചുപോകാൻ സാധ്യമല്ല എന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നു. എന്റെ മുറിവുകൾക്ക് മേൽ മുളകരച്ചുതേക്കുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കുകയാണ്. ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനിൽക്കുന്നു. ബിജെപി പ്രവർത്തകനായി നാട്ടിൽ തന്നെ തുടരുന്നതാണെന്നു സന്ദീപ് വാര്യർ വ്യക്തമാക്കി.