ക്ഷാമബത്ത പ്രഖ്യാപനം അടുത്ത സാമ്പത്തിക വർഷം മാത്രം. ഒരു സാമ്പത്തിക വർഷം രണ്ട് ഗഡു ഡി.എ അനുവദിക്കും എന്നാണ് ചട്ടം 300 അനുസരിച്ചുള്ള മുഖ്യമന്ത്രിയുടെ നിയമസഭ പ്രസ്താവന. ഈ സാമ്പത്തിക വർഷം ഏപ്രിലിലും ഒക്ടോബറിലും ക്ഷാമബത്ത പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി വാക്കുപാലിച്ചു എന്നാണ് സർക്കാർ ഭാഷ്യം.
അടുത്ത ഗഡു കിട്ടാൻ 2025- 26 സാമ്പത്തിക വർഷം ആകും എന്ന് ഇതോടെ വ്യക്തം. 2025 ഒക്ടോബറോടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. 2025- 26 സാമ്പത്തിക വർഷം ഏപ്രിലും ഒക്ടോബറും 2 ഗഡു ക്ഷാമബത്ത അനുവദിക്കുന്ന രീതിയിൽ പ്രഖ്യാപനം നടത്താനാണ് ധനവകുപ്പിൻ്റെ നീക്കം.
2025 ജനുവരിയിൽ കേന്ദ്രം പുതിയ ഡി.എ പ്രഖ്യാപിക്കും. അതോടെ കുടിശിക 7 ഗഡുക്കൾ ആയി ഉയരും. നിലവിൽ 6 ഗഡു ക്ഷാമബത്ത കുടിശിക ആണ്. 19 ശതമാനമാണ് കുടിശിക . ജീവനക്കാർക്ക് തസ്തികയുടെ സ്വഭാവം അനുസരിച്ച് പ്രതിമാസം 4370 രൂപ മുതൽ 26695 രൂപ വരെ 19 ശതമാനം ക്ഷാമബത്ത കുടിശിക മൂലം ശമ്പളത്തിൽ നഷ്ടപ്പെടുകയാണ്.
ക്ഷാമബത്ത പ്രഖ്യാപനം വൈകുന്തോറും നഷ്ടത്തിൻ്റെ തോത് വർദ്ധിക്കും. 19 ശതമാനം ക്ഷാമബത്ത കുടിശിക മൂലം ഓരോ ജീവനക്കാരനും ഉള്ള പ്രതിമാസ നഷ്ടം ഇങ്ങനെ: തസ്തിക, അടിസ്ഥാന ശമ്പളം, പ്രതിമാസ ക്ഷാമബത്ത നഷ്ടം എന്നീ ക്രമത്തിൽ
തസ്തിക | അടിസ്ഥാന ശമ്പളം | പ്രതിമാസ ക്ഷാമബത്ത നഷ്ടം |
ഓഫിസ് അറ്റൻഡൻ്റ് | 23000 | 4370 |
ക്ലർക്ക് | 26500 | 5035 |
സിവിൽ പോലിസ് ഓഫിസർ | 31100 | 5905 |
സ്റ്റാഫ് നേഴ്സ് | 39300 | 7467 |
ഹൈസ്ക്കൂൾ ടീച്ചർ | 45600 | 8664 |
സബ് ഇൻസ്പെക്ടർ | 55200 | 10488 |
സെക്ഷൻ ഓഫിസർ | 56500 | 10735 |
ഹയർ സെക്കണ്ടറി ടീച്ചർ | 59300 | 11267 |
അണ്ടർ സെക്രട്ടറി | 63700 | 12103 |
എക്സിക്യൂട്ടിവ് എഞ്ചിനിയർ | 85000 | 16150 |
സിവിൽ സർജൻ | 95600 | 18164 |
ഡപ്യൂട്ടി സെക്രട്ടറി | 107800 | 20482 |
ജോയിൻ്റ് സെക്രട്ടറി | 123700 | 23503 |
അഡീഷണൽ സെക്രട്ടറി | 140500 | 26695 |