പ്രയാഗരാജ് : മഹാകുംഭമേളയെ മാപ് നാവിഗേഷനുമായി സംയോജിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഇതുമായി ബന്ധപ്പെട്ട് പ്രയാഗരാജ് കുംഭമേള അതോറിറ്റിയും ഗൂഗിളും ധാരണാപത്രം ഒപ്പുവെച്ചു. ഇതിലൂടെ കോടാനുകോടികണക്ക് ഭക്തർക്ക് വിവിധ സ്ഥലങ്ങൾ, അഖാരകൾ, സന്യാസി മഠങ്ങൾ തുടങ്ങിയവ ഗൂഗിൾ മാപ്പിലൂടെ കണ്ടെത്താൻ സാധിക്കും.
താൽക്കാലിക ഇവൻ്റുകൾക്കായി ഗൂഗിൾ, നാവിഗേഷൻ മുമ്പ് ഒരിക്കലും അനുവദിച്ചിരുന്നില്ല. ഇത് ആദ്യമായാണ് കമ്പനിയുടെ നാവിഗേഷൻ ഭൂപടത്തിൽ മഹാ കുംഭമേള പ്രദേശം ഉൾപ്പെടുത്തുന്നതിനുള്ള നയം പരിഷ്കരിച്ചിരിക്കുന്നത്. മഹാകുംഭമേളയുടെ പ്രാധാന്യവും അതിനായി ലോകമെമ്പാടുമുള്ള ഭക്തജനങ്ങൾ എത്തിച്ചേരുന്നതുമെല്ലാം കണക്കിലെടുത്തുകൊണ്ടാണ് കമ്പനി ഇത്തരം ഒരു നീക്കം നടത്തിയിരിക്കുന്നത്. ഈ ഫീച്ചർ ഈ മാസം അവസാനമോ ഡിസംബർ ആദ്യമോ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ഈ മഹത്തായ ചടങ്ങിനിടെ ഭക്തരുടെ അനുഭവം കൂടുതൽ ആകര്ഷണീയമാക്കുന്നതിനു സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് നടപടി കമ്പനി അധികൃതർ പറഞ്ഞു.
ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിനു വേണ്ടി ടേൺ-ബൈ-ടേൺ ദിശകൾ നൽകുന്ന ഗൂഗിൾ മാപ്പ് ആപ്പിലെ ഒരു സവിശേഷതയാണ് ഗൂഗിൾ നാവിഗേഷൻ. ഈ ഉപകരണം സമഗ്രമായ രീതിയിൽ മാപ്പുകൾ അവതരിപ്പിക്കുന്നതിനു പുറമെ , എപ്പോൾ എവിടേക്ക് തിരിയണം എന്നതിനെക്കുറിച്ചുള്ള വിശദമായ നിർദേശങ്ങളും ഉറപ്പ് നൽകുന്നു.