യുഎസ് പ്രസിഡന്റ് പദവിയിലേക്ക് ഒരിക്കൽ കൂടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഡോണാൾഡ് ട്രംപ്. ഗംഭീരമായ വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാൻസിനെയും അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസിനേയും വാനോളം പുകഴ്ത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ ചിലുകുരിയിൽ കുടുംബവേരുകൾ ഉള്ള വനിതയാണ് 38കാരിയായ ഉഷ വാൻസ്. സുന്ദരിയെന്നും ശ്രദ്ധേയയെന്നുമാണ് ഇവരെ പ്രസംഗത്തിൽ ട്രംപ് വിശേഷിപ്പിച്ചത്.
50 വർഷങ്ങൾക്ക് മുൻപാണ് ഉഷ ചിലുകുരിയുടെ കുടുംബം ആന്ധ്രപ്രദേശിലെ വട്ലുരു എന്ന ഗ്രാമത്തിൽ നിന്ന് വിദേശത്തേക്ക് കുടിയേറുന്നത്. ഉഷ കാലിഫോർണിയയിലാണ് ജനിച്ചത്. ക്രിഷ്, ലക്ഷ്മി ചിലുകുരി എന്നിവരാണ് മാതാപിതാക്കൾ. എഞ്ചിനീയറും യൂണിവേഴ്സിറ്റി അധ്യാപകനുമായിരുന്നു ഉഷയുടെ പിതാവ്. അമ്മ ലക്ഷ്മി ബയോളജിസ്റ്റായിരുന്നു. മതപരമായ ചുറ്റുപാടുകളിലാണ് താൻ വളർന്നതെന്നും തന്റെ മാതാപിതാക്കൾ ഹിന്ദുക്കളാണെന്നും ഉഷ അടുത്തിടെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇരുവരും നടത്തിയ പ്രവർത്തനങ്ങൾ നിർണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെഡി വാൻസ് വൈസ് പ്രസിഡന്റ് ആകുന്നതോടെ അമേരിക്കയുടെ സെക്കന്റ് ലേഡിയായി ഉഷ വാൻസ് മാറും. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജ കൂടിയാണിവർ. ഇതോടെ ആരാണ് ഉഷ വാൻസ് എന്നുനേക്കാം .
സാൻഫ്രാൻസിസ്കോയിലാണ് ഉഷ തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ഉഷ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദാനന്തരബിരുദം സ്വന്തമാക്കിയത്. നിയമമേഖലയിൽ തന്റേതായ കരിയർ പടുത്തുയർത്തിയ ഉഷ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജോൺ റോബർട്ട്സ്, ബ്രെറ്റ് കാവനോ, എന്നിവരുടെ ക്ലർക്കായും പ്രവർത്തിച്ചിട്ടുണ്ട്.
യേൽ ലോ സ്കൂളിലെ പഠനകാലത്താണ് ജെ.ഡി വാൻസും ഉഷയും പരിചയപ്പെടുന്നത്. പഠനത്തോടൊപ്പം അവരുടെ പ്രണയവും വളർന്നു. പഠനത്തിന് ശേഷം 2014ൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്. ഇവാൻ, വിവേക്, മിറാബേൽ എന്നാണ് കുട്ടികളുടെ പേരുകൾ. പൊതുവേദികളിൽ അപൂർവ്വമായി മാത്രമെത്തുന്ന ഉഷ ജെ.ഡി വാൻസിന്റെ രാഷ്ട്രീയയാത്രയ്ക്ക് എല്ലാവിധ പിന്തുണയും നൽകിവരുന്നു.
വാൻസിന്റെ ഓർമ്മക്കുറിപ്പായ ‘ഹില്ലിബില്ലി എലെജി’ എന്ന പുസ്തകത്തിന് വേണ്ട എല്ലാ പിന്തുണയും നൽകിയ വ്യക്തി കൂടിയാണ് ഉഷ വാൻസ്. അമേരിക്കയിലെ ഗ്രാമീണ ജനതയുടെ സാമൂഹിക സംഘർഷങ്ങളെക്കുറിച്ചുള്ള പുസ്കതമാണിത്. അതേസമയം ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ളയാളാണ് ഉഷ വാൻസ്. ഉഷയുടെ സാന്നിദ്ധ്യം ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.