തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൻ്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരെ സുപ്രീം കോടതിയിൽ കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബലിന് ഒരു സിറ്റിംഗിന് വാങ്ങുന്നത് 15.50 ലക്ഷം രൂപ. ഈ കേസിൽ മെയ് 7 ന് സുപ്രീം കോടതിയിൽ ഹാജരായതിന് കപിൽ സിബലിന് 15.50 ലക്ഷം നവംബർ 5ന് അനുവദിച്ചു.
ഒക്ടോബർ 10 ന് ഈ കേസിൽ ഹാജരായതിന് 15.50 ലക്ഷം കപിൽ സിബലിന് നേരത്തെ അനുവദിച്ചിരുന്നു. ഇതോടെ കപിൽ സിബലിന് ഈ കേസിൽ ഇതുവരെ ഫീസായി 31 ലക്ഷം നൽകി.
2022 ഒക്ടോബർ 1 നാണ് ഇ.ഡിയുടെ നീക്കത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.യു എ ഇ കോൺസുലേറ്റിലേക്ക് വന്ന ബാഗേജിൽ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തതാണ് വിവാദമായ സ്വർണ്ണ കടത്ത് കേസിൻ്റെ തുടക്കം. എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിൽ സെക്ഷൻ 164 പ്രകാരം സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതിനെ തുടർന്നാണ് കേസ് നാടകീയമായ വഴിത്തിരിവായത്.
മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. യുഎഇ കോൺസുലേറ്റിൽ നിന്ന് പല തവണ ബിരിയാണി പാത്രങ്ങൾ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടു പോയി എന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ മൊഴി മുദ്ര വച്ച കവറിൽ സുപ്രീം കോടതിക്ക് കൈമാറാൻ തയ്യാറാണെന്ന് ട്രാൻസ്ഫർ ഹർജിയിൽ ഇ.ഡി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ഗുരുതര ആരോപണങ്ങൾ സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നു.
സുപ്രീം കോടതിയിൽ നിന്ന് പരാമർശം ഉണ്ടായാൽ സർക്കാർ പ്രതിരോധത്തിലാകും. പിണറായി മുഖ്യമന്ത്രി കസേരയിൽ നിന്ന് രാജി വയ്ക്കണമെന്ന ആവശ്യം ഉയരും. ഇതോടെയാണ് ഇ.ഡി യെ പ്രതിരോധിക്കാൻ കക്ഷി ചേരാൻ സർക്കാർ അപേക്ഷ നൽകിയത്.കേസിൽ തടസ ഹർജി നൽകിയ എം ശിവശങ്കറിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഹാജരായത്.
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട കള്ള പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പോലിസും ജയിൽ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി സുപ്രീംകോത്രിയിൽ ഫയൽ ചെയ്ത ട്രാൻസ്ഫർ പെറ്റീഷനിൽ ഇ.ഡി കുറ്റപ്പെടുത്തിയിരുന്നു. മടിയിൽ കനമില്ലെങ്കിൽ ഭയക്കേണ്ട കാര്യമില്ലല്ലോ. കേരള സർക്കാരിന് ഭയം ഉള്ളത് കൊണ്ട് കപിൽ സിബലിന് ലക്ഷങ്ങൾ നൽകി സുപ്രീം കോടതിയിൽ ഇറക്കി.
എന്തായാലും കപിൽ സിബലിന് കോള് തന്നെ. കടമെടുപ്പ് പരിധിയിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരളം നൽകിയ കേസിൽ ഹാജരായതും കപിൽ സിബൽ തന്നെ. 90. 50 ലക്ഷം രൂപ ഇതുവരെ കടമെടുപ്പ് കേസിൽ കപിൽ സിബലിന് ഫീസായി കൊടുത്തു. സ്വർണ്ണ കടത്ത കേസിലെ 31 ലക്ഷവും കൂടിയായതോടെ രണ്ട് കേസുകളിൽ മാത്രം കപിൽ സിബലിന് ഇതുവരെ ഫീസ് നൽകിയത് 1,21, 50,000 രൂപ.