KeralaNews

നീല ട്രോളി ബാഗുമായി രാഹുലിൻ്റെ വെല്ലുവിളി; പണമുണ്ടെന്ന് തെളിയിച്ചാല്‍ പ്രചാരണം അവസാനിപ്പിക്കാം

സിപിഎമ്മും ബിജെപിയും ആക്ഷേപം ഉന്നയിക്കുന്ന നീല ട്രോളി ബാഗുമായി വാർത്താ സമ്മേളനം നടത്തി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇവിടെ നിർത്തുമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ വെല്ലുവിളിച്ചു. കെ പി എം ഹോട്ടൽ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നു രാഹുൽ ആവശ്യപ്പെട്ടു. ‘ഞാൻ എപ്പോഴാണ് ഹോട്ടലിൽ വന്നതെന്നും പോയതെന്നും അതിൽ നിന്നും മനസിലാകും. ട്രോളി ബാഗിൽ എന്റെ ഡ്രസ്സ് കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോഴും എന്റെ കൈവശമുണ്ടെന്ന് വ്യക്തമാക്കിയാണ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ ട്രോളി ബാഗ് പ്രദർശിപ്പിച്ചത്.

‘കെപിഎം ഹോട്ടലിന്റെ മുൻവശത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയാണ്. ഏത് സമയത്ത് അവിടെ വന്നെന്നും എപ്പോൾ പോയെന്നും അതിൽനിന്ന് അറിയാമല്ലോ. പിന്നിലൂടെ കയറി എങ്കിൽ അതിൻറെ തെളിവ് പുറത്തുവിടണം. ഇവിടെ കമ്യൂണിസ്റ്റ് -ജനതാ മുന്നണിയെ പരാജയപ്പെടുത്തി മതേതര സ്ഥാനാർഥി ജയിക്കുന്നതിൻറെ ആശങ്കകളാണ് ഇതെല്ലാം. ഇല്ലെങ്കിൽ ട്രോളി ബാഗിൽ പണം കൊണ്ടുവന്നെന്ന് തെളിയിക്കണം.

പാലക്കാട് വന്ന ദിവസം നാല് ബാഗുമായാണ് വന്നത്. അതിൽ നിറയെ പണമാണെന്ന് പറയാഞ്ഞത് ഭാഗ്യം. സി.പി.എം നേതാക്കൾ മുഴുവൻ തക്കാളിപ്പെട്ടിയിലാണോ വസ്ത്രങ്ങൾ കൊണ്ടുനടക്കാറുള്ളത്? കൂടെ ഉള്ള ആളുകൾ തന്നെയല്ലേ ബാഗ് കൊണ്ടുനടക്കാറുള്ളത്. കെ.എസ്.യു ഭാരവാഹിയായ ഫെന്നി ഇവിടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ട്. ഫെന്നിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ശരിയല്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നൽകിയത്. ആരെയും രഹസ്യമായി കൊണ്ടുനടക്കുന്നില്ല. പെട്ടി വേണമെങ്കിൽ ഇപ്പോൾ തന്നെ പൊലീസിന് കൈമാറാം. പണം കൊണ്ടുവന്നോ എന്ന കാര്യം രാസപരിശോധയിലൂടെ കണ്ടെത്താമല്ലോ.

മുന്നറിയിപ്പില്ലാത്ത പരിശോധന ശുദ്ധമായ മര്യാദകേടാണെന്ന് പൊലീസിനോട് പറഞ്ഞു. എന്നാൽ സ്വാഭാവിക പരിശോധനയാണെന്നായിരുന്നു മറുപടി. ഓരോ ദിവസവും സി.പി.എമ്മുകാർ ഓരോ ആരോപണവുമായി വരികയാണ്. എൽ.ഡി.എഫുകാരുടെ മുറിയും പരിശോധിച്ചെന്ന് കഴിഞ്ഞ ദിവസം എ.എ. റഹീം പറഞ്ഞു. കള്ളപ്പണം കൊണ്ടുവന്നിട്ടാണോ വിജിൻറെ മുറി പരിശോധിച്ചത്? കോൺഗ്രസുകാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അവർ പറയുന്നു. എന്നാൽ അതിൻറെ സാങ്കേതിക വശങ്ങൾ പരിശോധിക്കാതെയാണ് ആരോപണം” -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ ചൊവ്വാഴ്ച അർധരാത്രിയിൽ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു.

ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് സംഘം പരിശോധനക്ക് എത്തിയത് വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *