അന്തം വിട്ട പ്രതികള്‍ എന്തും പോക്രിത്തരവും കാണിക്കും. അതാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി പാലക്കാട് കണ്ടതെന്ന് മാധ്യമ പ്രവർത്തകൻ ശ്രീകുമാർ മനയിൽ. അര്‍ധരാത്രിയിൽ വനിതാ പോലീസ് പോലുമില്ലാതെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിനെതിരെ ശ്രീകുമാർ മനയിൽ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പാലക്കാടും ചേലക്കരയിലും സിപിഎം ദയനീയമായി പരാജയപ്പെടും. ഇന്നലെ രാത്രിയോടെ അതുറപ്പായി കഴിഞ്ഞു.
പാളിപ്പോയ കള്ളപ്പണക്കഥ അതാണ് സൂചിപ്പിക്കുന്നത്. രാഹുല്‍മാങ്കൂട്ടത്തില്‍ കാന്തപുരത്തെ കാണാന്‍ കോഴിക്കോട്ട് പോയെന്നറിയാത്ത ഏതോ പോങ്ങനാണ് ഈ മണ്ടന്‍ തിരക്കഥയുടെ സൂത്രധാരന്‍. ഈ തിരക്കഥ പൊളിച്ചതിന്റെ ക്രെഡിറ്റ് വലിയൊരളവില്‍ ഷാനിമോള്‍ ഉസ്മാന് അവകാശപ്പെട്ടതാണ്. സിവില്‍ ഡ്രെസില്‍ ഐഡികാര്‍ഡ് പോലുമില്ലാതെ വന്ന പൊലീസുകാരോട് ഐഡി കാര്‍ഡ് ആവശ്യപ്പെടുകയും വനിതാ പൊലീസ് വന്നാല്‍ മാത്രമേ മുറി തുറക്കുകയുള്ളുവെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തപ്പോഴാണ് റെയ്ഡ് നാടകം പൊളിഞ്ഞത്.
വനിതാ പൊലീസ് എത്തുകയും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തതോടെ റീലിസിനെ മുമ്പെ പൊട്ടിയ പടം പോലെയായി റെയ്ഡ്. കൊടകര കള്ളപ്പണക്കേസ് ബിജെപിയുടെ തലക്ക് മീതെ തൂങ്ങിക്കിടക്കുന്നത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. കേസ് വീണ്ടും കുത്തിപ്പൊക്കിയതിന് കേന്ദ്ര ബിജെപി നേതൃത്വം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുമോ എന്നാണ് കപ്പിത്താനും പാര്‍ട്ടിയും ഭയക്കുന്നത്.
ഷാഫി പറമ്പിലിനെയും രാഹൂല്‍ മാങ്കൂട്ടത്തിലിനെയും കൂടി തങ്ങള്‍ കള്ളപ്പണക്കാരാക്കിയില്ലേ അതുകൊണ്ട് തല്‍ക്കാലത്തേക്ക് മുഖം രക്ഷിക്കാനായില്ലേ എന്നാണ് സിപിഎം നേതൃത്വം കെ സുരേന്ദ്രനോട് പറയുന്നത്. അതിന് താന്‍ ഒരിക്കല്‍ കൂടി നന്ദിയുള്ളവനാണെന്ന് സുരേന്ദ്രനും. അത് കൊണ്ടാണ് ഡിവൈഎഫ് ഐ അഖിലേന്ത്യാ അധ്യക്ഷനും യുവമോര്‍ച്ചാ സംസ്ഥാന അധ്യക്ഷനും ഷാഫിയുടെയും, രാഹുലിന്റെയും കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് ഒരേ സ്വരത്തില്‍ വാചാലരായത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആസന്നവും അനിവാര്യവുമായ വിജയം തടയാന്‍ കഴിയില്ലന്ന് ബിജെപിക്കും സിപിഎമ്മിനും ബോധ്യമായി.
പോരാടുന്ന തലമുറയിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വം വന്നതിന്റെ ഗുണകരമായ മാറ്റം കൂടിയാണത്. ബിജെപിയെയും സിപിഎമ്മിനെയും ഒരേ പോലെ നേരിടേണ്ടി വരിക എന്ന രാഷ്ട്രീയ അനിവാര്യതയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇനി ആക്രമണങ്ങളെല്ലാം അവര്‍ ഒരുമിച്ചായിരിക്കും. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഇനി യുഡിഎഫ് ഭരണം വരുന്നത് ആത്മഹത്യാപരമാണ്. ബിജെപിക്കും അതുപോലെ തന്നെ.
പണ്ടുകാലത്തൊക്കെ യുഡിഎഫ് സര്‍ക്കാരുകള്‍ രണ്ടുപാര്‍ട്ടിയോടും ഒരു പ്രതിപക്ഷ ബഹുമാനമൊക്കെ പുലര്‍ത്തിയിരുന്നു. ഇനി അതുണ്ടാകുമോ എന്ന സംശയം രണ്ടുപാര്‍ട്ടിക്കുമുണ്ട്. യുഡിഎഫ് ആര്‍ജ്ജിച്ചിരിക്കുന്ന പുതിയ സംസ്‌കാരത്തെ സിപിഎമ്മും ബിജെപിയും ഒരുപോലെ ഭയക്കുന്നുണ്ട്. മുസ്‌ളീം ലീഗില്‍ നിന്നും ഒരു പെണ്‍കുട്ടി സമരം ചെയ്ത് ജയിലില്‍ പോകുന്നതെന്നും ഏതാണ്ട് പത്തുവര്‍ഷം മുമ്പ് പോലും നമുക്ക്കാണാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ കേരളത്തിന്റെ ചിത്രം മാറുകയാണ്. ഇത് സിപിഎമ്മിനും ബിജെപിക്കും മനസിലാകുന്നുണ്ട്. അന്തം വിട്ട പ്രതികള്‍ എന്തും പോക്രിത്തരവും കാണിക്കും. അതാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി പാലക്കാട് കണ്ടത്.