നിവിൻ പോളിക്ക് ക്ലീൻചിറ്റ്: പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി

Nivin Pauly

കൊച്ചി: ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പൊലീസ് നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണു റിപ്പോർട്ട് സമർപ്പിച്ചത്.

കൃത്യം ചെയ്തു എന്ന് അതിജീവിത തന്റെ മൊഴികളിൽ ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിൻ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് കേസിലെ ആറാം പ്രതിയായ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുന്നെന്നാണു റിപ്പോർട്ടിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ഡിവൈഎസ്പി ടി.എം.വർഗീസാണ് റിപ്പാർട്ട് നൽകിയത്.

സിനിമയിൽ അവസരം നൽകാമെന്നു വാദ്ഗാനം ചെയ്ത് നിവിൻ പോളി ഉൾപ്പെടെ 6 പേർ കൂട്ടബലാത്സംഗം ചെയ്തുവെന്ന കോതമംഗലം സ്വദേശിനിയായ യുവതി പരാതി നൽകിയിരുന്നു. ഈ കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലിന്റെ ഭാഗമായായിരുന്നു യുവതിയുടെയും ആരോപണം.

2023 ഡിസംബർ 14,15 തീയതികളിൽ ദുബായിൽ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരുന്നത്. എന്നാൽ യുവതി പറയുന്ന ദിവസങ്ങളിൽ നിവിൻ ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞത്. യുവതി പരാതിയുമായി വന്നതിന് പിന്നാലെ ആരോപണങ്ങൾ തള്ളി നിവിൻ രംഗത്തെത്തി. വാർത്ത പുറത്തുവന്ന രാത്രി തന്നെ നിവിൻ പോളി വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments