ഇന്ത്യൻ കായിക മേഖലയിൽ എന്നും തലപ്പത്തിരിക്കാനുള്ള ആവേശമാണ് കേന്ദ്ര സർക്കാരിന് പ്രത്യേകിച്ച് ബിജെപിക്ക്. രാജ്യത്തെ ഏത് കായിക രംഗമെടുത്താലും ഭാരതീയ ജനത പാർട്ടിയെ പിന്താങ്ങുന്ന ഏതെങ്കിലുമൊരു നേതാവ് ഭരണ സ്ഥാനങ്ങളിൽ ഉണ്ടാകും.
അതിനു വലിയ ഉദാഹരണമാണ് മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിഡ്ജ് ഭൂഷൺ സിംഗ്. ഗുസ്തി താരങ്ങളുടെ സമരത്തെ തുടർന്ന് ബ്രിഡ്ജ് ബുഷനെ മാറ്റിയെങ്കിലും പിന്നീട് തലപ്പത്തു വന്നതാവട്ടെ ബ്രിഡ്ജ് ഭൂഷന്റെ തന്നെ സുഹൃത്തായാ സഞ്ജയ് സിങ് ആണ്.
ബിജെപി യുടെ സ്ഥിരം ശൈലി തന്നെ ഉൾപ്പെടുത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിലും. നവംബറില്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിയുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി സ്ഥാനം രോഹന് ജയ്റ്റ്ലി ഏറ്റെടുത്തേക്കും.
ഈ വര്‍ഷം ഓഗസ്റ്റില്‍ ഷാ പുതിയ ഐസിസി ചെയര്‍മാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴത്തെ ചെയര്മാന് ഗ്രെഗ് ബാര്‍ക്ലേയ്ക്ക് പകരം ജയ് ഷാ ഡിസംബര്‍ ഒന്ന് മുതല്‍ ഐസിസി മേധാവിയായി സ്ഥാനമേറ്റെടുക്കും. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ.
ഈ സ്ഥാനത്തേക്കാണ് രോഹന്റെ വരവ്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അന്തരിച്ച അരുണ്‍ ജയ്റ്റ്ലിയുടെ മകനാണ് രോഹന്. മുന്‍ ബിസിസിഐ – ഐസിസി പ്രസിഡന്റായിരുന്ന ജഗ്മോഹന് ഡാല്‍മിയയുടെ മകന് അവിഷേക് ഡാല്‍മിയയാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു വ്യക്തി. മുമ്പ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായിരുന്നു അവിഷേക്. എന്നാല്‍, നിലവില്‍ രോഹനാണ് മുന്‍ഗണന.
ആരാണ് രോഹൻ ജെയ്റ്റ്ലി
നിലവില്‍ ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന് (ഡിഡിസിഎ) പ്രസിഡന്റാണ് രോഹന്. നാലു വര്‍ഷം മുമ്പാണ് രോഹന് ക്രിക്കറ്റ് ഭരണ സമിതിയിലേക്ക് വരുന്നത്. തുടര്‍ന്ന് ഡിഡിസിഎ പ്രസിഡന്റായി നിയമിതനായി.
14 വര്‍ഷത്തോളം അരുണ്‍ ജയിറ്റ്ലി ആയിരുന്നു ഈ സ്ഥാനത്ത്. രോഹന് പ്രസിഡന്റായിരിക്കെയാണ് പിതാവിന്റെ നാമത്തിലുള്ള ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഏകദിന ലോകകപ്പിന്റെ ഭാഗമായി അഞ്ച് മത്സരങ്ങള്‍ നടത്തിയത്. ബിസിസിഐ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ചരിത്രവും രോഹനുണ്ട്. ജയ് ഷാ മാറി രോഹൻ വരുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിലുള്ള ബിജെപി സാന്നിധ്യം കൂടുതൽ ഉറപ്പിക്കുകയാണ് കേന്ദ്ര സർക്കാർ.