തെന്നിന്ത്യയിലെ മികച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. സംവിധാനം ചെയ്യുന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റാക്കി മാറ്റുന്ന ലോകേഷിന്റെ സിനിമയ്ക്കായി ആരാധകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. ലോകേഷിന്റെ ചില ചിത്രങ്ങളെ എല്‍സിയു എന്നാണ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ, ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്തു വരുന്നത്. അടുത്ത മൂന്ന് സിനിമകളോടെ എല്‍സിയു സിനിമകൾ അവസാനിക്കുമെന്നാണ് ലോകേഷ് കനകരാജ് പറയുന്നത്.
ഈ യൂണിവേഴ്സിലെ അവസാന സിനിമ വിക്രം 2 ആയിരിക്കും. എൽസിയുവിന്റെ ഭാഗമായി ഉടൻ തന്നെ കൈതി 2 ആരംഭിക്കും. തുടർന്ന് റോളക്സിന്റെ സ്റ്റാൻഡ് എലോൺ സിനിമ ചെയ്യും. അതിന് ശേഷം വിക്രം 2 ആണ് ചെയ്യുക. ഇതോടെ എൽസിയു അവസാനിക്കുമെന്നും ലോകേഷ് കനകരാജ് പറയുന്നു.
‘ലിയോ 2’ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വിജയ് സർ അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ചതോടെ അതിനി നടക്കില്ല. വിജയ് സർ ഇനി അഭിനയിക്കുമോ എന്നറിയില്ല. തമിഴ്നാട് മുഴുവൻ അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഞെട്ടിപ്പോയി. വിജയ് സാറിന്റെ ചിന്തകള്‍ തന്നെ ഇപ്പോൾ മറ്റൊരു തലത്തിലാണ്. എന്നാൽ ആ തീരുമാനത്തെ നാം മാനിക്കണം. ഇല്ലെങ്കിൽ, അദ്ദേഹത്തോടൊപ്പം ‘ലിയോ 2’ ചെയ്യുമായിരുന്നുവെന്നും ലോകേഷ് കനകരാജ് പറയുന്നു.