ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ച കുഴല്‍പ്പണം തട്ടിയെടുത്ത പ്രതികള്‍ ആ കാശ് ധൂര്‍ത്തടിച്ചെന്ന് പൊലീസ്. മൂന്നര കോടി രൂപയാണ് കവര്‍ച്ചാ സംഘം കൊടകരയില്‍ വെച്ച് കവര്‍ന്നത്. അതില്‍ 1.4 കോടി രൂപയും പ്രതികള്‍ ധൂര്‍ത്തടിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഈ പണം പൊലീസിന് പ്രതികളില്‍ നിന്ന് കണ്ടെടുക്കാനായിട്ടില്ല. എന്നാൽ ഇതുപയോഗിച്ച് വാങ്ങിയ സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. 30.29 ലക്ഷത്തിന്റെ സ്വര്‍ണം പൊലീസ് തൊണ്ടിമുതലായി വകയിരുത്തിയിരിക്കുകയാണ്.
ഭാര്യക്കും ബന്ധുക്കള്‍ക്കുമാണ് പ്രതികള്‍ സ്വര്‍ണം വാങ്ങിക്കൊടുത്തത്. കൊടകരയില്‍ വെച്ച് പണം കവര്‍ന്ന ശേഷം പ്രതികള്‍ പലയിടത്തും പോയി ആഡംബരപൂര്‍ണമായ ജീവിതം നയിക്കുകയായിരുന്നു. വില കൂടിയ വാഹനങ്ങളിലായിരുന്നു ഇവരുടെ യാത്ര. കവര്‍ന്ന പണത്തില്‍ നിന്ന് നല്ലൊരു ശതമാനവും ഇതിനായിട്ടാണ് ചെലവഴിച്ചത്. ചില പ്രതികള്‍ വേണ്ടപ്പെട്ടവര്‍ക്കും കടം വാങ്ങിയവര്‍ക്കും പണം നല്‍കുകയും ചെയ്തു. അങ്ങനെ കിട്ടിയവരും ഇത് ചെലവാക്കി.
അതുകൊണ്ട് പണം തിരിച്ചുപിടിക്കാനായില്ല എന്നും കുറ്റപത്രത്തിലുണ്ട്. കവര്‍ച്ച നടത്തി പണം പങ്കിട്ടതിന് പിന്നാലെ 15-ാം പ്രതിയായ ഷിഗില്‍ 22-ാം പ്രതിയായ റാഷിദുമൊത്ത് കുളു, മണാലി, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളില്‍ പോയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 13-ാം പ്രതി അബ്ദുള്‍സലാം, 16-ാം പ്രതി റഷീദ്, 17-ാം പ്രതി റൗഫ് എന്നിവര്‍ കവര്‍ച്ചയ്ക്ക് ശേഷം കര്‍ണാടകത്തിലെ കുടകില്‍ ആണ് താമസിച്ചത്. മൂന്നാം പ്രതി രഞ്ജിത്ത് 17 ലക്ഷം രൂപ ഭാര്യ ദീപ്തിക്ക് നല്കി.
പത്താം പ്രതി ഷാഹിദും കവര്‍ച്ചാ പണത്തിന്റെ ഒരു പങ്ക് (പത്ത് ലക്ഷം രൂപ) ഭാര്യ ജിന്‍ഷയ്ക്ക് നല്കി. ഇതില്‍ ഒമ്പത് ലക്ഷം രൂപയും ജിന്‍ഷ തന്റെ ഉമ്മൂമ്മയ്ക്ക് കൈമാറി. ഇതില്‍ ചെലവാക്കാതെ ബാക്കിയായ പണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണം വീണ്ടും ചര്‍ച്ചകളിലേക്ക് വരുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് 41.48 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ഈ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ചതാണ് എന്ന് തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി ആറ് ചാക്കുകളില്‍ കുഴല്‍പ്പണം എത്തിച്ചെന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ എവിടെ നിന്നാണ് പണം കൊണ്ടുവന്നത് എന്ന് തനിക്കറിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. ബിജെപി സംസ്ഥാന, ജില്ലാ അധ്യക്ഷന്മാരുള്ളപ്പോഴാണ് പണം എത്തിയതും എന്നും സതീഷ് പറയുന്നു. എന്നാല്‍ കള്ളപ്പണം കൊടുത്തു വിട്ടത് കര്‍ണാടക ബിജെപി എംഎല്‍എയാണ് എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇഡി അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. തൃശൂരിലെ ബിജെപി ഓഫീസിലേക്ക് പണം എത്തിച്ച ധര്മരാജന് ആണ് 41 കോടിയുടെ പണം ഉണ്ടായിരുന്നു എന്ന് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ആരാണ് എംഎല്‍എ എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, സംഘടനാ സെക്രട്ടറി എം ഗണേശന്, ഓഫീസ് സെക്രട്ടറി ഗിരീഷന് നായര്‍ എന്നിവര്‍ കള്ളപ്പണം കൈകാര്യം ചെയ്തു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.