CinemaNews

മഞ്ജു വാര്യരുടെ പരാതി: ശ്രീകുമാർ മേനോനെതിരെയുള്ള കേസ് റദ്ദാക്കി

കൊച്ചി: നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിത്വത്തെ അപമാനിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. 2019ൽ ആയിരുന്നു ശ്രീകുമാർ മേനോന് എതിരെ മഞ്ജു വാര്യർ രംഗത്തെത്തിയത്.

ഒടിയൻ സിനിമയുടെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. ഡിജിപിക്ക് ആയിരുന്നു പരാതി നൽകിയത്. ശ്രീകുമാർ മേനോൻ്റെ പേരിലുള്ള പുഷ് കമ്പനിയുമായുള്ള കരാർ പ്രകാരം 2013 മുതൽ നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

2017ൽ കരാർ റദ്ദാക്കിയതിൻറെ വിദ്വേഷത്തിൽ സമൂഹത്തിൽ തൻറെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാർ മേനോൻറെ ഭാഗത്തുണ്ടാകുന്നതെന്നും പരാതിയിൽ മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു.പിന്നാലെ 2019 ഒക്ടോബർ 23ന് തൃശൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

ശ്രീകുമാർ മേനോൻ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താൻ ശ്രമിച്ചുവെന്നുമാണ് മഞ്ജു പോലീസിന് മൊഴി നൽകിയത്. ഇതിനെതിരെ ശ്രീകുമാർ മേനോൻ നൽകിയ ഹർജി അനുവദിച്ചാണ് കേസ് റദ്ദാക്കിയത്.

ഹർജിയിൽ മഞ്ജു വാര്യരോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. നാലുവർഷം കഴിഞ്ഞിട്ടും മഞ്ജു വാര്യർ നിലപാട് അറിയിക്കാത്തതിനാലാണ് കേസ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *