അത്ര നല്ല ചുറ്റുപാടിലല്ല ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിലവിലെ ഉപതെരഞ്ഞെടുപ്പുകളെ നേരിടുന്നത്. കേരളത്തിൽ ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലമായ പാലക്കാടും ചേലക്കരയിലും അപ്രതീക്ഷിതമായ കൂട്ടത്തിൽ ചവിട്ടുകളാണ് സംസ്ഥാന അധ്യക്ഷനും ഇവിടങ്ങളിലെ സ്ഥാനാർത്ഥികളും നേരിടേണ്ടി വരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ആ വിവാദം കത്തിപ്പടരുന്നത്.
പാർട്ടി ഓഫീസിലെ മുൻ പ്രവർത്തകൻ തിരൂർ സതീശൻ കുഴൽപ്പണം കടത്തിനെക്കുറിച്ചും ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ചും തുറന്നുപറഞ്ഞതോടെ കുഴൽപ്പണകേസ് ഒതുങ്ങിപ്പോയതിനെക്കുറിച്ച് ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവസരം ഒരുങ്ങുകയായിരുന്നു.
ഒത്തുകളിച്ചുവെന്ന വിഡി സതീശന്റെ ആരോപണം മറികടക്കാൻ കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് സിപിഎം ബിജെപിയെ വെട്ടിലാക്കി. ഈ സാഹചര്യത്തിന് വഴിയൊരുക്കിയത് ശോഭ സുരേന്ദ്രനാണെന്നും തിരൂർ സതീശനെ രംഗത്തിറക്കിയത് ഇവരാണെന്നുമുള്ള ആക്ഷേപം സുരേന്ദ്രൻ അനുകൂലികൾ രഹസ്യമായും മാധ്യമങ്ങൾ പരസ്യമായും പറഞ്ഞതോടെ തിരിച്ചടിയുമായി ശോഭ സുരേന്ദ്രൻ രംഗത്തിറങ്ങി.
റിപ്പോർട്ടർ, 24 തുടങ്ങിയെ ചാനലുകളെ വാർത്താസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയും ചാനൽ മേധാവികളായ ആന്റോ അഗസ്റ്റിൻ, ഗോകുലം ഗോപാലൻ തുടങ്ങിയവരെക്കുറിച്ചും മാധ്യമപ്രവർത്തകരെക്കുറിച്ചും രൂക്ഷമായ വാക്കുകളുപയോഗിച്ചാണ് ശോഭ സുരേന്ദ്രൻ പ്രതികരിച്ചത്. തിരൂർ സതീശനെ അറിയില്ലെന്ന് പറഞ്ഞ് വെല്ലുവിളിച്ച ശോഭയോടൊപ്പമുള്ള ചിത്രം പുറത്തുവിട്ടാണ് സതീശൻ ബന്ധം തെളിയിച്ചത്. ഇങ്ങനെ മാധ്യമങ്ങൾക്കും ഒരുവിഭാഗം പാർട്ടി പ്രവർത്തകർക്കിടയിലും അത്ര നല്ല ഇമേജിലല്ല ശോഭ സുരേന്ദ്രനിപ്പോഴുള്ളത്. പദവി നേടാൻ പണപ്പിരിവ് നടത്തിയെന്ന വെളിപ്പെടുത്തലുകളും റിപ്പോർട്ടർ ചാനൽ മേധാവി നടത്തിയതോടെ ശോഭ ആകെ പരുങ്ങലിലായിരിക്കുകയാണ്. പാർട്ടി നടപടിയെടുക്കണമെന്നുള്ള ആവശ്യവും അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്.
ഇതോടെ, കേരള ബിജെപിയിലെ ഔദ്യോഗിക നേതൃത്വത്തിന് നിരന്തരം അനിഷ്ടമുണ്ടാക്കുന്ന ശോഭ സുരേന്ദ്രനെ അടക്കിനിർത്താനുള്ള നടപടികൾ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലുടൻ തന്നെ കൈക്കൊള്ളമെന്ന ചിന്തയിലാണ് സംസ്ഥാന നേതൃത്വം. കേരളത്തിലെ എല്ലാ ജില്ലകളിലും സ്വീകാര്യതയുള്ള വനിതാ നേതാവ് എന്ന ശോഭ സുരേന്ദ്രന്റെ പ്ലസ് പോയിന്റാണ് നടപടികൾക്ക് വിലങ്ങുതടിയാകുന്നത്. ശോഭയുടെ സ്ഥാനത്തേക്ക് പത്മജ വേണുഗോപാലിനെ എത്തിച്ച് പാർട്ടിയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കാനാണ് ആലോചന.
കൊടകര കുഴൽപ്പണ വിവാദം, ശോഭ സുരേന്ദ്രന്റെ നിലപാടുകൾ, സന്ദീപ് വാര്യരുടെ പിണക്കം തുടങ്ങിയ കാര്യങ്ങളിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ക്ഷീണത്തിലാണ് ബിജെപി. അവിടേക്ക് പത്മജ വേണുഗോപാലിനെ എത്തിച്ച് രാഹുൽ മാങ്കൂട്ടത്തിലിനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ നിരന്തര പ്രസ്താവനകൾ നടത്തി കൈവിട്ട ആവേശം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.