KeralaNews

സ്കൂൾ കായികമേള: ഹൈടെക് സംവിധാനങ്ങളുമായി കൈറ്റ്

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ തത്സമയ സംപ്രേഷണം, തത്സമയ ഫലങ്ങളും, മത്സര പുരോഗതിയുമുൾപ്പടെയുള്ള വിവരങ്ങൾ അറിയാൻ ഹൈടെക് സംവിധാനങ്ങൾ ഒരുക്കി പൊതു വിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്).

സ്പോർട്സ് പോർട്ടൽ

സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ 730 മത്സര ഇനങ്ങളുടെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങൾ കൈറ്റ് തയ്യാറാക്കിയ www.sports.kite.kerala.gov.in പോർട്ടൽ വഴി ലഭിക്കും.

17 വേദികളിലായി നടക്കുന്ന സംസ്ഥാന കായികമേളയുടെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും, മത്സര പുരോഗതിയും, മീറ്റ് റെക്കോർഡുകളും ഈ പോർട്ടലിലൂടെയാണ് ലഭിക്കുക. ഫലങ്ങൾ ജില്ല, സ്കൂൾ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും പോർട്ടലിൽ ലഭ്യമാക്കും.

ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്എസ് യു ഐഡി-യും (സ്കൂൾ സ്പോർട്സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ) നിലവിലുണ്ട്. സംസ്ഥാന തലത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷനായി ഈ വർഷം പ്രത്യേകം മൊബൈൽ ആപ്പും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.

കൈറ്റ് വിക്ടേഴ്‌സ്

എല്ലാ ദിവസവും രാവിലെ 6:30 ന് മത്സരങ്ങൾ ആരംഭിക്കുന്നതു മുതൽ മത്സരങ്ങൾ അവസാനിക്കുന്ന രാത്രി എട്ടുവരെ പ്രധാനപ്പെട്ട മൂന്നു വേദികളിൽ നടക്കുന്ന ദൃശ്യങ്ങൾ കൈറ്റ് വിക്‌ടേഴ്‌സ് തത്സമയ സംപ്രേഷണം നടത്തും.

മത്സര വിവരങ്ങളും, പോയിന്റ് നിലകളും, വിജയികളെക്കുറിച്ചുള്ള വിവരങ്ങളും, , ഫൈനലുകളുടെ സ്ലോമോഷൻ റിവ്യൂകളും കൈറ്റ് വിക്‌ടേഴ്‌സിൽ നൽകും. കൈറ്റ് വിക്ടേഴ്സ് ആപ്പിലും , victers.kite.kerala.gov.in സൈറ്റിലും കൈറ്റിന്റെ itsvicters യുട്യൂബ് ചാനലിലും, ഇ -വിദ്യ കേരളം ചാനലിലും മേള തത്സമയം കാണാം.

സ്‌കൂൾ വിക്കി, ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ സ്‌കൂളുകളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്‌കൂൾ വിക്കി പോർട്ടലിൽ www.schoolwiki.in എല്ലാ വേദികളിൽ നിന്നുമുള്ള ചിത്രങ്ങൾ തുടർച്ചയായി ലഭ്യമാകും.

ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തിലാണ് ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങൾ നടത്തുന്നത്. എഴുപതോളം സാങ്കേതിക പ്രവർത്തകരെ സ്‌കൂൾ കായികോത്സവത്തിനായി കൈറ്റ് വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *