കാനഡയിൽ ഹിന്ദു ആരാധനാലയത്തിനും വിശ്വാസികൾക്കും നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം നടത്തിയതിനെ ശക്തമായി അപലപിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ.
കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയില്‍ ആശങ്കയുള്ളതായി ഹൈകമ്മീഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് തങ്ങള്‍ വളരെ ഉത്കണ്ഠാകുലരാണെന്നും ആരുടെ ആവശ്യപ്രകാരമാണ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രസ്താവനയിലൂടെ ചോദിച്ചു.
നവംബർ 2, 3 തീയതികളിൽ വാൻകൂവറിലെയും സറേയിലെയും കോൺസുലർ ക്യാമ്പുകളിൽ ഇത്തരത്തില്‍ ആക്രമണം ഉണ്ടായിരുന്നുവെന്നും ഹൈക്കമ്മിഷൻ ചൂണ്ടിക്കാട്ടി. സാധാരണയായി തങ്ങള്‍ നടത്തുന്ന കോൺസുലർ പ്രവർത്തനങ്ങൾക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത് വളരെയധികം നിരാശാജനകമാണെന്നും ഹൈക്കമ്മീഷൻ കൂട്ടിച്ചേർത്തു.
ഇത് കൂടാതെ, ഇന്ത്യൻ നയതന്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും നേരെയുള്ള തുടർച്ചയായ ഭീഷണികളും ആക്രമണങ്ങളുടെയും അടിസ്ഥാനത്തിൽ കനേഡിയൻ സര്‍ക്കാര്‍ കനത്ത സുരക്ഷ ഒരുക്കണമെന്നു ഇന്ത്യൻ ഹൈക്കമ്മിഷൻ ആവശ്യപ്പെട്ടു.
അതേസമയം, ഹിന്ദു മഹാസഭ മന്ദിറില്‍ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ശക്തമായി അപലപിച്ച് ഹിന്ദു കനേഡിയൻ ഫൗണ്ടേഷനും രംഗത്തെത്തി. ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ പങ്കുവയ്ക്കുകയും ഖലിസ്ഥാൻ ഭീകരർ കുട്ടികളെയും സ്ത്രീകളെയും ആക്രമിച്ചെന്നും വ്യക്തമാക്കി.
‘ഹിന്ദു സഭാ ക്ഷേത്രം ഖലിസ്ഥാനി തീവ്രവാദികൾ ആക്രമിക്കുകയാണ് . കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെടുന്നു. ഖലിസ്ഥാനി രാഷ്ട്രീയ അനുഭാവികളുടെ പിന്തുണയിലാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതെന്ന് ഹിന്ദു കനേഡിയൻ ഫൗണ്ടേഷനും എക്സില്‍ കുറിച്ചു.
ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു.
വടികളുമായി എത്തിയ ഒരു സംഘം അമ്പലത്തിന് പുറത്തുവച്ച് വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായാണ് അക്രമികൾ എത്തിയത്. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നതായും, അക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൻറെ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. നിജ്ജർ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലുമടക്കം അമിത് ഷാക്ക് പങ്കുണ്ടെന്ന് സുരക്ഷകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപിൽ കനേഡിയൻ വിദേശകാര്യ സഹമന്ത്രിയും സുരക്ഷ ഉപദേഷ്ടാവും സ്ഥിരീകരിച്ചതായിരുന്നു ഇന്ത്യയെ ചൊടിപ്പിച്ചത്.