KeralaNews

സുരേഷ് ഗോപിക്കെതിരെ കേസെടുത്തു; ആംബുലൻസ് ദുരുപയോഗം ചെയ്തു

തൃശൂർ പൂരനഗരിയിലേക്ക് ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. നടപടി സിപിഐ നേതാവ് അഡ്വ. സുമേഷ് നൽകിയ പരാതിയിലാണ് പോലീസ്. രോഗികളെ മാത്രം കൊണ്ടുപോകേണ്ട ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് എഫ്‌ഐആർ. തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്.

ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.ഐപിസി ആക്ട്, മോട്ടർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279,34 വകുപ്പുകൾ, മോട്ടോർ വാഹന നിയമത്തിലെ 179,184,188,192 വകുപ്പുകൾ പ്രകാരം ഇന്ന് പുലർച്ചെയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപിക്ക് പുറമെ ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷിന്റെ പരാതി. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍, ആംബുലൻസിൽ വന്നിട്ടില്ലെന്നും അങ്ങനെ തോന്നിയത് മായക്കാഴ്ചയാണെന്നും ആദ്യം പറഞ്ഞ സുരേഷ് ഗോപി, പിന്നീട് ദൃശ്യങ്ങള്‍ വൈറലായതോടെ സമ്മതിക്കുകയായിരുന്നു. കാലിന് അസുഖമായിരുന്നതിനാലാണ് ആംബുലൻസ് ഉപയോഗിച്ചതെന്ന് അദ്ദേഹം തിരുത്തി. 15 ദിവസം കാൽ ഇഴച്ചാണ് നടന്നത്. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയത്തിലുമില്ലാത്ത യുവാക്കളാണെന്നാണ് സുരേഷ് ഗോപി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *