ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആരംഭം മുതൽ ബെംഗളൂരുവിനൊപ്പമാണ് വിരാട് കോലി എന്ന ഇതിഹാസം. അടിച്ചുകൂട്ടിയ റണ്ണുകൾക്കും, വാരിക്കൂട്ടിയ റെക്കോർഡുകൾക്കും എണ്ണമില്ലാത്ത ആർ സി ബി യുടെ ഒരേയൊരു രാജാവ്. എന്നാൽ ആ രാജാവിനും രാജാവിന്റെ ടീമിനും ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.
ഐപിഎൽ മെഗാ താരലേലത്തിനു മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ ചരിത്ര നേട്ടം സ്വന്തമാക്കിയത് സൂപ്പർതാരം വിരാട് കോലിയാണ്. കോലി ഉൾപ്പെടെ മൂന്നു താരങ്ങളെ മാത്രമാണ് ടീം നിലനിർത്തിയത്.
വിദേശ താരങ്ങളിൽ ഒരാൾപോലും ടീമിലില്ല. 21 കോടി രൂപ നൽകിയാണ് കോലിയെ നിലനിർത്തിയത്. ഐ.പി.എല്ലിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. 20 കോടി രൂപക്ക് മുകളിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്നതും ആദ്യം.
2017-2021 വരെ 17 കോടി രൂപയാണ് ആർസിബി കോലിക്ക് നൽകിയിരുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ കെ.എൽ. രാഹുലിന് ലഖ്നോ സൂപ്പർ ജയൻറ്സും 17 കോടി രൂപ നൽകിയിരുന്നു. ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ എന്നിവരെയും 18 കോടി നൽകിയാണ് ടീമുകൾ നിലനിർത്തിയത്.
കഴിഞ്ഞ സീസണിൽ ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കിനെ 24.75 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയതാണ് ഇതുവരെയുള്ള റെക്കോഡ്. പാറ്റ് കമ്മിൻസിനെ 20.5 കോടിക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് വാങ്ങിയത്. ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായിരുന്നു താരങ്ങളുടെ വില 20 കോടി കടന്നത്.