“മുഖ്യമന്ത്രയുടെ പോലസ് മെഡൻ”; അതെന്താ മുഖ്യാ ?

ഇതെന്താ അക്ഷരത്തെറ്റിന്റെ സംസ്ഥാന സമ്മേളനമോ ? കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡൽ സൂക്ഷിച്ച് നോക്കുന്ന ആർക്കും ഇത് തോന്നിയേക്കാം. കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിലാണ് ഇത്രയധികം അക്ഷരത്തെറ്റുകൾ കയറിക്കൂടിയത്. ലോഹനിർമിത മെഡലിൽ എഴുതിയിരിക്കുന്ന വാചകത്തിൽ പലയിടത്തും വള്ളിയും പുള്ളിയുമില്ല. മെഡൽ എന്നെഴുതിയതിലും അക്ഷരപ്പിശക് വന്നിട്ടുണ്ട്.

മെഡലിൽ എഴുതിയിരിക്കുന്ന വാചകമിങ്ങനെയാണ് “കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡൻ”. അക്ഷരത്തെറ്റുകൾ അടങ്ങിയ പോലീസ് മെഡലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സേവനകാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള ആദരവാണ് മെഡൽ. കേരളാ പൊലീസ് രൂപീകരണ ദിനമായ നവംബർ ഒന്നിന് 264 പൊലീസുകാർക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ 2024ലെ പൊലീസ് മെഡൽ സമ്മാനിച്ചത്.

തിരുവനന്തപുരം പേരൂർക്കട ക്യാമ്പിലായിരുന്നു ചടങ്ങ്. മലയാള ഭാഷാ ദിനം കൂടിയായിരുന്നു നവംബർ ഒന്ന്. അതേദിവസം തന്നെ ഇത്തരമൊരു പിഴവ് സംഭവിച്ചത് വലിയ വീഴ്ചയായാണ് വിലയിരുത്തുന്നത്. ‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ’ എന്ന് എഴുതേണ്ടതിന് പകരം നിറയെ അക്ഷരത്തെറ്റ് വരുത്തിയ മെഡൽ, മുഖ്യമന്ത്രി തന്നെ വിതരണം ചെയ്തുവെന്നത് സർക്കാരിന് വലിയ നാണക്കേടായിരിക്കുകയാണ്.

മെഡൽ ലഭിച്ചതിന് ശേഷം പരിശോധിച്ചപ്പോഴാണ് അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ടത്. പകുതിയോളം മെഡലുകളിൽ ഈ അക്ഷരത്തെറ്റ് ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം ആണ് ഉയരുന്നത്. മെഡലുകൾ പരിശോധിക്കാതെയാണ് വിതരണം ചെയ്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്. തിരുവനന്തപുരത്തുള്ള സ്ഥാപനമാണ് മെഡലുകൾ അച്ചടിക്കുന്നതിനുള്ള ടെൻഡർ ഏറ്റെടുത്തത്.

ചില മെഡലുകൾ ഉത്തരേന്ത്യയിലാണ് അച്ചടിച്ചതെന്നും അവിടെ നിന്ന് ഉണ്ടായ വീഴ്ചയാണിതെന്നുമാണ് ടെൻഡർ എടുത്ത സ്ഥാപനം നൽകുന്ന വിശദീകരണം. അതേസമയം, പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റുകൾ കടന്നുകൂടിയതിനെ തുടർന്ന് അവ തിരിച്ചുവാങ്ങാൻ ഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്. തെറ്റുകൾ പരിഹരിച്ച് പുതിയവ നൽകാനാണ് മെഡലുകളുടെ ടെൻഡർ എടുത്ത സ്ഥാപനത്തിന് നിർദേശം നൽകിയിരിക്കുന്നത്.

കൂടാതെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ ഡി ജി പി എം ആര്‍ അജിത് കുമാറിന് മെഡല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തൃശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്നതിനാല്‍ മെഡല്‍ നല്‍കുന്നത് താല്‍ക്കാലികമായി തടഞ്ഞുവച്ചിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments