നാലരവർഷം സുഖസുഷുപ്തിയിലായിരുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചത്തു വന്നപ്പോൾ സിനിമാരംഗത്തുണ്ടായ ഭൂകമ്പങ്ങൾ വലുതാണ്. തുടർ ചലനങ്ങളുടെ ഫലമായി പല താരങ്ങളും ഇരുട്ടിവെളുത്തപ്പോൾ പീഡനക്കേസ് പ്രതികളായി. അതോടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മാന്ദ്യമുണ്ടാകുകയും സുപ്പർസ്റ്റാർ ചിത്രങ്ങൾ കണികാണാൻ പോലുമില്ലാതെ ഓണം കടന്നുപോയി. അറസ്റ്റും ചോദ്യം ചെയ്യലുമായി കേസിൽപ്പെട്ട പ്രമുഖർ വലഞ്ഞു. ആരോപണങ്ങളുടെ കാലപ്പഴക്കവും പൊരുത്തക്കേടുകളും കാരണം താരപ്രതികൾ റിമാൻഡിലാകാതെ രക്ഷപ്പെട്ടു.
ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട അന്വേഷണസംഘം വിട്ടുവിഴ്ചയില്ലാതെ മുന്നോട്ടുനീങ്ങുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി താരസംഘടനയായ അമ്മയുടെ ഓഫീസിലടക്കം പരിശോധന നടന്നിരുന്നു. വാസ്തവത്തിൽ സംഘടനാ തിരഞ്ഞെടുപ്പെല്ലാം നടന്ന് അമ്മ ഉഷാറായി നിൽക്കുന്ന സമയമാണ് ഏതെല്ലാം നടന്നത്. തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്റായ മോഹൻലാൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തെ അതിജീവിച്ച് സിദ്ധിഖ് ജനറൽ സെക്രട്ടറിയുമായിരുന്നു. മറ്റ് ഭാരവാഹികളേയും നിശ്ചയിച്ച് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ഹേമകമ്മിറ്റി റിപ്പോർട്ട് ഇടിത്തീയായി പുറത്തുവന്നത്. തുടർന്ന് കാര്യങ്ങൾ മാറിമറിഞ്ഞു.
പീഡന പരാതികളുടെ പ്രവാഹമായി. തീഷ്ണമായ ആരോപണത്തിൽ സിദ്ദിഖ് പുതിയ പദവി രാജിവച്ചു. ദീർഘകാലം അമ്മയെ നയിച്ച ഇടവേള ബാബുവും കേസിൽ പെട്ടു. വരുംദിനങ്ങളിൽ ആരും ടാർഗറ്റ് ചെയ്യപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് മോഹൻലാലും സ്ഥാനമൊഴിഞ്ഞു. ഇതോടെ ‘അമ്മ ‘യിൽ കൂട്ടരാജിയായി. ആഗസ്റ്റ് അവസാനവാരമായിരുന്നു ഈ സംഭവങ്ങൾ നടന്നത്. രണ്ടുമാസത്തിനകം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു അന്നിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത്. രാജിവച്ചവർ അതുവരെ കാവൽ ഭരണസമിതിയിൽ തുടരുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു മാസം കഴിഞ്ഞിട്ടും അമ്മയിൽ അനക്കമില്ല എന്നതാണ് സത്യം.
അതേസമയം, അതിന് കാരണങ്ങൾ പലതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലും തുടർമൊഴികൾ പരിഗണിച്ചും 40 കേസുകളുമായാണ് പ്രത്യേക അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. ഇതിൽ എട്ടുകേസുകളിൽ പ്രതി സ്ഥാനത്തുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ് ഹൈക്കോടതിയിൽ കൊടുത്തിട്ടുണ്ട്. മറ്റ് കേസുകളിൽ ആരോപണ വിധേയരെ തിരയുകയാണ്. തുടരന്വേഷണത്തിൽ കൂടുതൽ കേസുകളുണ്ടായേക്കാമെന്നാണ് റിപ്പോർട്ട്. ആർക്കെല്ലാം എതിരേയാണ് വാൾ ഉയരുകയെന്ന് പറയാനാകില്ല. ഹേമകമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളെ എതിർത്തും അനുകൂലിച്ചും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ നില നിൽക്കുകയാണ്.
ഈ സാഹചര്യത്തിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്തും ? ആരെ നേതാവാകും ? ഇതാണ് ‘അമ്മ’യെ അലട്ടുന്ന യഥാർത്ഥ പ്രശ്നം. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പ്നീളുന്നതിന് മറ്റു ന്യായീകരണങ്ങളാണ് താരസംഘടന നൽകുന്നത്. ‘അമ്മ’യുടെ ബൈലോ പ്രകാരം കാവൽ ഭരണസമിതിക്ക് അടുത്ത ജൂൺ വരെ തുടരാനാകുമെന്നാണ് ന്യായീകരണം. അതിനാൽ തിടുക്കപ്പെട്ട് തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും പറയുന്നു. എന്നാൽ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ സംഘടന ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞതിന് കടകവിരുദ്ധമാണിത്. രണ്ടു മാസത്തിനകം പുതിയ ഭരണസമിതി നിലവിൽ വരുമെന്നാണ് അന്ന് അറിയിച്ചിരുന്നത്.
ജഗദീഷ് അടക്കം നേതൃനിരയിലുള്ള പല താരങ്ങളും ഇത് പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു. കേസും അന്വേഷണവും മാത്രമല്ല ഭാരവാഹിത്വം ഏറ്റെടുക്കാൻ പ്രമുഖതാരങ്ങൾ തയാറാകാത്തതും ‘അമ്മ’യെ അലട്ടുന്നുണ്ട്. പലതരം ഈഗേക്ക് നടുവിലുള്ള സംഘടനയെ ഒത്തൊരുമയോടെ നയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാൽ ആജ്ഞാശക്തിയുള്ള പ്രബല താരങ്ങളിൽ ഒരാളെ താക്കോൽ സ്ഥാനത്ത് പ്രതിഷ്ടിക്കുന്നതാണ് രീതി. നിലവിലെ സാഹചര്യത്തിൽ അവർ വിമുഖത കാട്ടുന്നതാണ് പ്രശ്നം. ജഗദീഷിൻ്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മത്സരത്തിന് തയാറാണെങ്കിലും പ്രബല വിഭാഗത്തിന് ഇത് അത്ര ദഹിച്ചിട്ടില്ല.
അതിനാൽ കേസുകൾ കെട്ടടങ്ങുന്നത് വരെ കാത്തിരിക്കണമെന്നാണ് ഇവരുടെ നിലപാട്. ഏതായാലും ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാരംഗം അനിശ്ചിതത്വത്തിലൂടെയാണ് നീങ്ങുന്നത്. ജനങ്ങൾക്ക് വിനോദവും സർക്കാരിന് വിനോദനികുതിയും നൽകുന്ന സിനിമയിൽ അനിശ്ചിതത്വം നിളുന്നത് ഉചിതമല്ല. കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. ഇരകൾക്കൊപ്പം നീങ്ങുമ്പോൾ വേട്ടക്കാരന് വേണ്ടി വക്കാലത്തുപറയുന്ന രീതി ഒഴിവാക്കണം അങ്ങനെ സിനിമയെ ശുദ്ധീകരിക്കാനും സുഗമമാക്കാനുമുള്ള സത്വര നടപടികളാണ് സർക്കാരിൽ നിന്നും സംഘടനകളിൽ നിന്നും വേണ്ടത്.