‘നവീൻ ബാബു തകർന്നപ്പോൾ കളക്ടർ ചിരിക്കുകയായിരുന്നു’: പറയുന്നത് പച്ചക്കള്ളമെന്ന് മഞ്ജുഷ

Naveen Babu and Wife Manjusha

പത്തനംതിട്ട: കണ്ണൂർ കളക്ടർ അരുൺ എസ് വിജയനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് നവീൻ ബാബുവിന്റെ കുടുംബം. യാത്രയയപ്പ് ചടങ്ങിന്റെ വീഡിയോയിൽ കണ്ണൂർ കളക്ടറുടെ പെരുമാറ്റം കണ്ടാണ് സംസ്‌കാരച്ചടങ്ങിന് വരേണ്ട എന്ന് പറഞ്ഞതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കി. തന്റെ ഭർത്താവ് തകർന്നിരിക്കുന്ന വീഡിയോയിൽ കളക്ടർ പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒന്ന് ആശ്വസിപ്പിക്കാൻ പോലും കളക്ടർ തയ്യാറായില്ലെന്നും മഞ്ജുഷ പറയുന്നു.

കളക്ടറുമായി സൗഹൃദമില്ലായിരുന്നു എന്ന് തനിക്ക് വ്യക്തമായി അറിയാം. അവധിപോലും ചോദിക്കാൻ മടിയുള്ള ഒരാളിനോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവുമില്ല. ബന്ധുക്കൾ നവീൻ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോഴും അദ്ദേഹം ഇതിനെപ്പറ്റി ഒന്നും സംസാരിച്ചിട്ടില്ല. പെട്ടെന്ന് ഇങ്ങനെ ഒരു മൊഴി ഉണ്ടായതിന്റെ കാരണമാണ് മനസ്സിലാവാത്തത്. പി.പി. ദിവ്യക്കെതിരേ ഇതുവരെയുള്ള നടപടികളിൽ തൃപ്തയാണെന്നും മഞ്ജുഷ പറഞ്ഞു.

അതേസമയം, കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നവീൻ ബാബു നിരപരാധിയാണെന്നാണ് ലാന്റ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതയുടെ റിപ്പോർട്ടിലുള്ളത്. ഇത് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലുള്ള തെളിവെടുപ്പും സാക്ഷിമൊഴികളും വിശദീകരണവുമാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. മരണവുമായി ബന്ധപ്പെട്ടുനടന്ന സംഭവങ്ങളെക്കുറിച്ചായിരുന്നു പരിശോധന. യാത്രയയപ്പിനുശേഷം തന്റെ ചേംബറിലെത്തി നവീൻ ബാബു തെറ്റുപറ്റിയെന്നു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്ത് ഉദ്ദേശിച്ചാണ് തെറ്റുപറ്റിയതായി കളക്ടർ പറഞ്ഞതെന്നതിനെക്കുറിച്ച് വിശദീകരണമില്ല. മൊഴിയെടുക്കൽ എന്ന നിലയിലല്ല, കളക്ടറുടെ വിശദീകരണക്കുറിപ്പാണ് റിപ്പോർട്ടിൽ ഉള്ളടക്കമായി ചേർത്തിട്ടുള്ളത്.

എഡിഎമ്മിനോടുള്ള കളക്ടറുടെ പെരുമാറ്റമാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ കളക്ടറുടെ പെരുമാറ്റവും അതിനുശേഷം നവീൻ ബാബു തന്റെ ചേംബറിലേക്ക് എത്തിയെന്ന മൊഴിയും ചോദ്യം ചെയ്യപ്പെടുകയാണ്. .

സർവീസ് സംഘടനയിലെ ഭരണ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ കളക്ടർക്കെതിരെ ആരോപണവുമായി വരുന്നത് കളക്ടറെ കൂടുതൽ പ്രതിസന്ധിയിലാക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments