ശിവയ്ക്കും സായ് പല്ലവിക്കും കണ്ണീരിൽ കുതിർന്ന ബിഗ് സല്യൂട്ട് !

രാജ്യത്തിന് വേണ്ടി പൊരുതി ജീവന്‍ നല്‍കിയ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിത കഥ ആസ്പദമാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത സിനിമയാണ് അമരന്‍. ശിവകാര്‍ത്തികേയന്‍ മേജർ മുകുന്ദ് വരദരാജനായി എത്തിയ ചിത്രത്തില്‍, ഇന്നും മുകുന്ദിന്റെ ഓര്‍മകളുമായി ജീവിക്കുന്ന ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയി എത്തിയത് സായി പല്ലവിയാണ്. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ വരദരാജന്റെയും ഗീതയുടെയും മകനായി ജനിച്ച മുകുന്ദ് ചെറുപ്പം മുതൽ ഒരു സൈനികനാകണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടന്നയാളാണ്. അദ്ദേഹം കൊമേഴ്‌സില്‍ ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ജേണലിസത്തില്‍ പിജി. ഡിപ്ലോമയും പൂര്‍ത്തിയാക്കി.

മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പഠനകാലത്താണ് മുകുന്ദും മലയാളിയായ ഇന്ദു റബേക്ക വർഗീസും പ്രണയത്തിലാകുന്നത്. മുകുന്ദ് 2005-ല്‍ കമ്പയിന്‍ഡ് ഡിഫെന്‍സ് സര്‍വീസ് കമ്മിഷന്‍ പരീക്ഷ പാസായ ശേഷം ചെന്നൈയിൽ സൈനിക പരിശീലനം ആരംഭിച്ചു. 2006-ല്‍ ലെഫ്റ്റനന്റ് പദവിയിലേക്കുയര്‍ന്ന മുകുന്ദ് രജ്പുത് റെജിമെന്റിന്റെ ഭാഗമായി. ആര്‍മിയില്‍ ചേര്‍ന്ന മുകുന്ദിനെ കാണാന്‍ അവധി ദിവസങ്ങളില്‍ ട്രെയിനിങ് അക്കാദമിക്കു മുന്നില്‍ ഇന്ദു എത്തുമായിരുന്നു. മുകുന്ദുമായുള്ള ബന്ധം ഇന്ദുവിന്റെ വീട്ടുകാര്‍ പാടെ എതിര്‍ത്തു. അന്യജാതി, അന്യനാട്, അന്യഭാഷ വീട്ടുകാര്‍ക്ക് എതിര്‍ക്കാന്‍ കാരണങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍ പട്ടാളക്കാരനാണ് എന്നതായിരുന്നു പ്രധാനകാരണം.

എന്തെങ്കിലും സംഭവിച്ചാല്‍ മകള്‍ ഒറ്റയ്ക്കാകില്ലേ എന്ന ഭയം. അവിടെയും ഇന്ദുവിന്റെ ധൈര്യം അനിഷേധ്യമായിരുന്നു. ഒടുവിൽ ഇന്ദുവിന്റെ സ്നേഹത്തിനു മുന്നിൽ വീട്ടുകാർ അടിയറവ് പറഞ്ഞു. 2009 ഓഗസ്റ്റ് 28-ന് ഇന്ദുവും മുകുന്ദും വിവാഹിതരായി. 2011 മാര്‍ച്ച് 17-ന് ഇരുവര്‍ക്കും അര്‍ഷിയ എന്ന മകള്‍ ജനിച്ചു. പിന്നീട് കുറച്ചുകാലം മുകുന്ദ് മധ്യപ്രദേശിലും യുഎന്‍ മിഷന്റെ ഭാഗമായി ലെബനനിലും സേവനമനുഷ്ഠിച്ചു. 2012 ഡിസംബറില്‍ കലാപവിരുദ്ധ സേവനങ്ങള്‍ക്കായി വിന്യസിപ്പിച്ച 44-ാമത് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെ ഭാഗമായ മുകുന്ദ് മേജർ ആയി സ്ഥാനക്കയറ്റത്തോടെ കശ്മീരിലേക്ക് പോയി.

2014 ഏപ്രിലിൽ വടക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ തിരഞ്ഞെടുപ്പിനെ തുടർന്നു ഭീകരാക്രമണം ഉണ്ടായപ്പോൾ ഭീകരരെ പിടിക്കാൻ മുകുന്ദിന്റെ നേതൃത്വത്തിൽ സൈനികർ ഖ്വാസിപത്രിയെന്ന ഗ്രാമത്തില്‍ തമ്പടിച്ചു. ജെയ്‌ഷേ- മൊഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് ഗാനിയും സംഘവും താവളമാക്കിയ ഒരു രണ്ടുനില വീടിനുള്ളിലും സമീപത്തെ ആപ്പിള്‍ത്തോട്ടത്തിലും മുകുന്ദിന്റെ നേതൃത്വത്തിൽ സൈനിക സംഘം നിലയുറപ്പിച്ചു. അല്‍ത്താഫ് ഗാനിയും സംഘവും ആക്രമണം ആരംഭിച്ചപ്പോൾ സൈനികസംഘം പ്രത്യാക്രമണവും ആരംഭിച്ചു. ഭീകരുടെ വെടിയൊച്ച ഉയരുന്ന ഭാഗത്തേക്ക് സൈന്യം ഗ്രനേഡ് എറിഞ്ഞു. മുകുന്ദും സംഘത്തിലെ മറ്റൊരു സൈനികനായ വിക്രം സിങ്ങും വെടിയൊച്ച കേട്ട ഔട്ട്ഹൗസിലെത്തി.

അപ്രതീക്ഷിതമായി പാഞ്ഞുവന്ന ഒരു വെടിയുണ്ട വിക്രം സിങ്ങിനെ വീഴ്ത്തി. മുകുന്ദ് ധൈര്യം ചോരാതെ തന്നെ മുന്നോട്ട് നീങ്ങി. ഒടുവില്‍ ഗാനിയെ മുകുന്ദിന്റെ എകെ 47 വീഴ്ത്തി. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മുകുന്ദ് ഔട്ട്ഹൗസിനു പുറത്തെത്തി. സംഘത്തില്‍ അവശേഷിച്ച മറ്റു സൈനികരും അദ്ദേഹത്തിന് ചുറ്റും ചേര്‍ന്നു. പെട്ടെന്ന് മുകുന്ദിന് നിലതെറ്റി, ബോധം മറഞ്ഞ് അദ്ദേഹം നിലത്തേക്ക് വീണു. ഏറ്റുമുട്ടലില്‍ ഏതോ ഘട്ടത്തില്‍ മുകുന്ദിനും വെടിയേറ്റിരുന്നു. എന്നാൽ അല്‍ത്താഫ് ഗാനിയെ കീഴടക്കാനുള്ള നിശ്ചയദാര്‍ഢ്യത്തില്‍ അദ്ദേഹം അത് അറിഞ്ഞില്ലെന്ന് മാത്രം. മൂന്നു വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ദേഹത്ത് കണ്ടത്തി. ഒട്ടും സമയം കളയാതെ തന്നെ സൈനികാശുപത്രിയിൽ എത്തിച്ചെങ്കിലും മേജര്‍ മുകുന്ദ് വീരമൃത്യു വരിച്ചു.

വല്ലപ്പോഴും വരുന്ന ഫോൺ വിളികളിൽ മുകുന്ദ് ഇന്ദുവിനോട് ഒന്നേ പറഞ്ഞുള്ളൂ “നീ ധീരനായ മേജർ മുകുന്ദിന്റെ ഭാര്യയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ മറ്റുള്ളവരുടെ മുന്നിൽ നിന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ പൊടിയരുത്”. ഇന്ദു അത് അക്ഷരം പ്രതി അനുസരിച്ചു. ഇതായിരുന്നു ധീരരക്തസാക്ഷിയായ മുകുന്ദിന്റെയും പ്രിയ പത്നി ഇന്ദുവിന്റേയും കഥ. മേജർ മുകുന്ദ് വരദരാജൻ എന്ന ധീര രക്തസാക്ഷിയുടെ ജീവിതവും പ്രണയവും സമാനതകളില്ലാത്ത പോരാട്ട വീര്യവുമാണ് അമരൻ എന്ന ചിത്രത്തിന്റെ പ്രമേയം. മേജർ മുകുന്ദും ഇന്ദു റബേക്ക വർഗീസും തമ്മിലുള്ള അചഞ്ചലമായ പ്രണയവും അവരുടെ പങ്കിട്ട സ്വപ്നങ്ങളും സൈന്യത്തോടുള്ള മുകുന്ദിന്റെ പ്രതിപത്തിയും ഇന്ദുവിന്റെ ത്യാഗവും തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരുടെ കണ്ണ് നനയ്ക്കും എന്ന് തന്നെ പറയാം.

ദമ്പതികൾ തമ്മിലുള്ള അടുപ്പത്തിന്റെ ഊഷ്മളതയാണ് അമരന്റെ വൈകാരികതയുടെ കാതൽ. മലയാളി പെൺകുട്ടിയായ ഇന്ദുവും തമിഴനായ മുകുന്ദും തമ്മിലുള്ള സംഭാഷണങ്ങൾ ചിലപ്പോഴൊക്കെ പ്രേക്ഷകരിൽ ചെറു ചിരി ഉണർത്തുമെങ്കിലും ഇരുവരുടെയും ബന്ധത്തിന്റെ തീവ്രതയും നോവും കാണികളെ ആഴത്തിൽ ഉലച്ചു കളയുന്നുണ്ട്. സൈനിക കുടുംബങ്ങൾ ചെയ്യുന്ന ത്യാഗവും മാതാപിതാക്കളുടെ കണ്ണുനീരും പ്രണയിനിയുടെ വിരഹവും ഭാര്യയുടെ കാത്തിരിപ്പും കുഞ്ഞുങ്ങളുടെ എന്ന് വരുമെന്നുള്ള ചോദ്യവും ആരുടേയും ഉള്ളുലച്ചുകളയും. എന്തായാലൂം എത്ര വര്‍ഷം കഴിഞ്ഞാലും മുകുന്ദിന്റെ ജീവന്‍ തുടിക്കുന്ന ഓര്‍മകള്‍ എനിക്കൊപ്പം ഉണ്ടാവും, പക്ഷേ ജനം അദ്ദേഹത്തെ മറന്നേക്കാം. അത് പാടില്ല, എല്ലാവരുടെ മനസ്സിലും മുകുന്ദ് ഉണ്ടായിരിക്കണം എന്ന ഇന്ദുവിന്റെ ആഗ്രഹമാണ് സിനിമയിലൂടെ യാഥാർഥ്യമായിരിക്കുന്നത്.

അതേസമയം, അക്ഷരാത്ഥത്തില്‍ അത് സംഭവിക്കുന്നു എന്നാണ് സിനിമ കണ്ട് ഇറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം. മുകുന്ദിന് ഒരു ബിഗ് സല്യൂട്ട് നല്‍കിയാണ് കാണികള്‍ തിയേറ്ററില്‍ നിന്നും ഇറങ്ങുന്നത്. ഒരു റിയല്‍ ലൈഫ് സ്റ്റോറി എങ്ങനെ സിനിമയാക്കാന്‍ സാധിക്കും എന്ന പല ചോദ്യങ്ങളും സംശയങ്ങളുമുണ്ടാവാം, എന്നാല്‍ അതിനുള്ള കൃത്യമായ ഉത്തരമാണ് അമരന്‍ എന്ന സിനിമ എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഓരോ സീനിലും രോമാഞ്ചം തോന്നുന്ന, ഭാരതത്തോടുള്ള സ്‌നേഹവും ആദരവും അനുഭവപ്പെടും.

മേജർ മുകുന്ദ് ആയി ശിവ കാർത്തികേയൻ അത്യുഗ്രൻ പ്രകടനമാണ് നടത്തിയത്. പുഷ്-അപ്പ് ചെയ്തുകൊണ്ട് സ്‌ക്രീനിൽ എത്തുന്ന നിമിഷം മുതൽ സിനിമ തീരുന്നതുവരെ ഒരു നിമിഷം പോലും മടുപ്പിക്കാത്ത പ്രകടനമാണ് ശിവകാർത്തികേയൻ നടത്തിയത്. പ്രണയവും നർമവും കുടുംബ സ്നേഹവുമെല്ലാം അദ്ദേഹം അനായാസമായി കൈകാര്യം ചെയ്തു. ആത്മവിശ്വാസമുള്ള ഒരു സൈനിക ഉദ്യോഗസ്ഥന്റെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയും എല്ലാംകൂടി ശിവ കാർത്തികേയന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയി അമരൻ അടയാളപ്പെടുത്തും. ഇന്ദു റബേക്ക വർഗീസ് ആയി സായി പല്ലവിയും ശിവയോട് കിടപിടിക്കുന്ന പ്രകടനമാണ് നടത്തിയത്.

താരത്തിന്റെ സ്നേഹപ്രകടനവും വേദന ഉള്ളിലടക്കിയുള്ള അമർത്തിയ നിലവിളികളും കണ്ണീരോടെയല്ലാതെ പ്രേക്ഷകന് കണ്ടിരിക്കാനാകില്ല. ‘പ്രേമം’ എന്ന സിനിമയിലൂടെ വന്നു മലയാളികളുടെ മലർ മിസ് ആയി മാറിയ സായി പല്ലവിയുടെ ഇന്ദു ഒരിക്കൽ കൂടി മലർ മിസ്സിനെ ഓർമ്മിപ്പിച്ചു. എന്തായാലും വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത ‘അമരൻ’ ധീര രക്തസാക്ഷിയായ സൈനിക ഉദ്യോഗസ്ഥന് ഒരു ആദരാഞ്ജലി തന്നെയാണ്. മേജർ മുകുന്ദിനും ത്യാഗത്തിന്റെ ആൾരൂപമായ പ്രിയപത്നി ഇന്ദുവിനും ഒരു കണ്ണുനീരിൽ കുതിർന്നൊരു സല്യൂട്ട് നൽകാതെ ആർക്കും തീയറ്റർ വിട്ടിറങ്ങാൻ കഴിയില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments