
സാമ്പത്തിക വിദഗ്ദ്ധൻ ബിബേക് ദെബ്രോയ് അന്തരിച്ചു. ഇന്ന് രാവിലെ 7 ന് ആണ് മരണം. അദ്ദേഹത്തിന് 69 വയസ്സായിരുന്നു. 2017 സെപ്റ്റംബർ മുതൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (ഇഎസി-പിഎം) ചെയർമാനായി വിശിഷ്ട സാമ്പത്തിക വിദഗ്ധനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഇദ്ദേഹം. ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുടൽ തടസത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഡോക്ടർ ദെബ്രോയ് യുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ :
ഡോ. ബിബേക് ദെബ്രോയ് ജി ഒരു ഉന്നത പണ്ഡിതനായിരുന്നു, സാമ്പത്തിക ശാസ്ത്രം, ചരിത്രം, സംസ്കാരം, രാഷ്ട്രീയം, ആത്മീയത തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ അവഗാഹം നേടിയിരുന്നു. തൻ്റെ കൃതികളിലൂടെ അദ്ദേഹം ഇന്ത്യയുടെ ബൗദ്ധിക ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിച്ചു. പൊതുനയത്തിനുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾക്കപ്പുറം, നമ്മുടെ പുരാതന ഗ്രന്ഥങ്ങളിൽ പ്രവർത്തിക്കുകയും യുവാക്കൾക്ക് അവ ലഭ്യമാക്കുകയും ചെയ്യുന്നത് അദ്ദേഹം ആസ്വദിച്ചു,” പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
അതേസമയം, ഇന്ത്യയുടെ നയരൂപീകരണത്തിലും ഇന്ത്യശാസ്ത്രത്തിലും ഡിബ്രോയ് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നരേന്ദ്രപൂരിലെ രാമകൃഷ്ണ മിഷൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ശേഷം, കൊൽക്കത്ത പ്രസിഡൻസി കോളേജ്, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജ് എന്നിവിടങ്ങളിലും പഠിച്ചു. പഠനം പൂർത്തിയാക്കിയാക്കിയതിന് പിന്നാലെ, കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിലും, പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിലും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്, ഡൽഹി, കൂടാതെ നിയമ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ധനകാര്യ മന്ത്രാലയത്തിൻ്റെ/UNDP പദ്ധതിയുടെ ഡയറക്ടറായും അദ്ദേഹം ജോലി ചെയ്തിരുന്നു.
ആരായിരുന്നു ബിബേക് ദെബ്രോയ്?
സാമ്പത്തിക നയത്തിനും, സംസ്‌കൃത ഗ്രന്ഥങ്ങൾക്കും നൽകിയ സംഭാവനകൾക്ക് പേരുകേട്ട ഒരു വിശിഷ്ട ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും പണ്ഡിതനുമായിരുന്നു ബിബേക് ദെബ്രോയ്. ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
മാക്രോ ഇക്കണോമിക്‌സ്, പബ്ലിക് ഫിനാൻസ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള ഡെബ്രോയ് സാമ്പത്തിക പരിഷ്‌കാരങ്ങൾ, ഭരണം, ഇന്ത്യൻ റെയിൽവേ തുടങ്ങിയ വിഷയങ്ങളിൽ വിപുലമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മഹാഭാരതവും ഭഗവദ് ഗീതയും ഉൾപ്പെടെയുള്ള ക്ലാസിക്കൽ സംസ്‌കൃത ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തു. മാത്രമല്ല , പുരാതന ഇന്ത്യൻ ജ്ഞാനം വായനക്കാരിലേക്ക് എത്തിച്ചതിന്റെ ഒരു പ്രധാന കണ്ണിയാണദ്ദേഹം. ഡോ. ഡെബ്രോയ് 2019 ജൂൺ 5 വരെ NITI ആയോഗ് അംഗം കൂടിയായിരുന്നു. നിരവധി പത്രങ്ങളിൽ കൺസൾട്ടിംഗ് എഡിറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്.