International

ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ ശക്തമായ വ്യോമാക്രമണം; 4 വിദേശ തൊഴിലാളികൾ ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം

വടക്കൻ ഇസ്രായേലിൽ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാല് പേർ വിദേശ തൊഴിലാളികളും മൂന്ന് പേർ ഇസ്രായേൽ പൗരന്മാരുമാണ്. ഇതിനിടെ മെറ്റുലയിൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ 4 പേർക്ക് ഗുരുതര പരിക്കേറ്റു. ഇവർ കർഷക തൊഴിലകളാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെയുള്ള ഏറ്റവും മാരകമായ വ്യോമാക്രമണമാണ് ഇന്ന് നടന്നതെന്ന് ഇസ്രായേൽ അറിയിച്ചു.

ഒക്ടോബർ 26ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് മുട്ടൻ തിരിച്ചടി നൽകാൻ തയ്യാറാവുകയാണ് ഇറാൻ. ശക്തമായി ഇസ്രായേലിനെ ആക്രമിക്കുന്നതിന് തയാറെടുപ്പുകൾ നടത്താൻ ദേശീയ സുരക്ഷാ സമിതിയ്ക്ക് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമേനി നിർദ്ദേശം നൽകിയാതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിശകലനം ചെയ്തതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനവുമായി ഇറാൻ മുന്നോട്ട് പോകുന്നതെന്നാണ് സൂചന. യൂ എസിൽ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുന്നേ തന്നെ ആക്രമണം നടത്തുവാനാണ് ഇറാൻ പദ്ധതിയിടുന്നതെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ, ചില നിബന്ധനകൾ ഇസ്രായേൽ അംഗീകരിക്കാൻ തയ്യാറാവുകയാണെങ്കിൽ വെടി നിർത്തലിന് തങ്ങൾ തയ്യാറാണെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നയിം ഖസിം നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ് യോഗം ചേർന്നതിന് പിന്നാലെയാണ് നയിം ഖാസിമിൻ്റെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *