2023-24 സീസണിലെ ബാലൺ ഡി ഓർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്പാനിഷ് മധ്യനിര താരം റോഡ്രിയാണ് മികച്ച പുരുഷ താരം. സ്പെയിനിന്റെ തന്നെ ഐതാന ബോണ്‍മാറ്റി മികച്ച വനിത താരമായും തിരഞ്ഞെടുക്കപ്പെട്ടു. ബാലൺ ഡി യോർ പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങൾ ആളിക്കത്തിയിരുന്നു.
പുരസ്കാര പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുൻപ് വരെ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറായിരിക്കും ജേതാവെന്നായിരുന്നു പുറത്തു വന്ന സൂചനകള്‍. എന്നാല്‍, ആരാധകരുടെയെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പുരസ്കാരം സ്പാനിഷ് താരം റോഡ്രി സ്വന്തമാക്കി. എന്തുകൊണ്ട് വിനീഷ്യസ് ജൂനിയർ പുറത്തായെന്ന് ആരാധകർ ചോദിച്ചു കൊണ്ടേയിരിക്കുകയാണ്. ഇതിനൊക്കെയുള്ള ഉത്തരം ഇരുവരുടെയും ഈ വർഷത്തെ കളിക്കളത്ത് നിന്നുള്ള പ്രകടനത്തിൽ വ്യക്തമാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ സിറ്റിയേയും യൂറോ കപ്പില്‍ സ്പെയിനേയും കിരീടത്തിലേക്ക് എത്തിക്കുന്നതില്‍ റോഡ്രി നിർണായക പങ്കുവഹിച്ചിരുന്നു. യൂറോയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത് റോഡ്രിയായിരുന്നു.
മറുവശത്ത് യുഇഎഫ്എ ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ലാ ലിഗ കിരീടങ്ങള്‍ റയല്‍ മാഡ്രിഡ് നേടുന്നതില്‍ വിനീഷ്യസും സുപ്രധാന ഘടകമായി. എന്നാല്‍, ബ്രസീലിനായി കോപ്പ അമേരിക്കയില്‍ തിളങ്ങാൻ വിനീഷ്യസിന് കഴിഞ്ഞിരുന്നില്ല. ഇതൊക്കെ വിലയിരുത്തിയാണ് അവസാനഫലം പുറത്തു വന്നത്.
എങ്ങനെയാണ് ബാലൺ ഡി ഓർ ജേതാവിനെ തിരഞ്ഞെടുക്കുന്നത്?
ലോകത്തിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത കായിക അവാർഡാണ് ബാലൺ ഡി ഓർ. ഫ്രാൻസ് ഫുട്ബോൾ സൃഷ്ടിച്ച ഈ അവാർഡ് 1956 മുതൽ നൽകിവരുന്നു. യുഇഎഫ്എയും ഫ്രാൻസ് ഫുട്ബോളും സഹകരിച്ച് പുരസ്കാരം നല്‍കിയ ആദ്യ സീസണാണിത്.
വിവിധ രാജ്യങ്ങളിലെ മാധ്യമ പ്രവർത്തകർ ചേരുന്ന പ്രത്യേക അന്താരാഷ്ട്ര ജൂറി പാനലാണ് വിജയിയെ നിർണയിക്കുന്നത്. പുരുഷ ടീമുകളില്‍ ആദ്യ 100 റാങ്കിങ്ങിലുള്ള രാജ്യങ്ങളില്‍ നിന്ന് ഓരോ പ്രതിനിധിയും വനിതകളുടേതില്‍ ആദ്യ 50 റാങ്കിലുള്ള ഓരോ പ്രതിനിധിയുമായിരിക്കും പാനലിലുണ്ടാകുക. ഒരു രാജ്യത്തിന് ഒരു പ്രതിനിധി വീതമുള്ള സ്പെഷ്യലൈസ്ഡ് ജേണലിസ്റ്റുകളുടെ ഒരു അന്താരാഷ്ട്ര ജൂറി അടങ്ങിയതാണ് പാനൽ.
ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റോറിയല്‍ സ്റ്റാഫ് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ 30 താരങ്ങളെ തിരഞ്ഞെടുക്കും. ഓരോ ജൂറിക്കും ഈ പട്ടികയില്‍ നിന്ന് 10 താരങ്ങളെ തിരഞ്ഞെടുക്കാം. ഈ പത്ത് താരങ്ങള്‍ക്ക് നല്‍കാൻ കഴിയുന്ന പോയിന്റുകളുമുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന താരത്തിനായിരിക്കും പുരസ്കാരം നല്‍കുക.
മാധ്യമ പ്രവർത്തകരുടെ വോട്ട് ?
താരങ്ങളുടെ വ്യക്തിഗത പ്രകടനത്തിനായിരിക്കും മുൻതൂക്കം നല്‍കുക. നിർണായക മത്സരങ്ങളിലെ താരങ്ങളുടെ പ്രകടനത്തിനായിരിക്കും പ്രധാന്യം. ടീമിന്റെ പ്രകടനം, നേട്ടങ്ങള്‍, ഫെയർപ്ലെ, കളത്തിലെ മാന്യത തുടങ്ങിയവയ്ക്കായിരിക്കും പിന്നീടുള്ള പരിഗണന.