കോഴിക്കോട്: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സിലിൻഡറൊന്നിന് 1810.50 രൂപയാണ് പുതിയ വില. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ചെറുകിട കടകളില്‍ ഉപയോഗിക്കുന്ന അഞ്ച് കിലോയുടെ മിനി പാചകവാതക സിലിണ്ടറിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്.
15 രൂപയാണ് മിനി സിലിണ്ടറിന് ഉയര്‍ത്തിയിട്ടുള്ളത്. എന്നാല്‍ 14.2 കിലോയുടെ സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വിലവര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനികള്‍ അറിയിച്ചു. ഇതു തുടര്‍ച്ചയായ നാലാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിക്കുന്നത്. നാലുമാസത്തിനിടെ 157.50 രൂപയുടെ അടുത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് കൂടിയിട്ടുണ്ട്.
കഴിഞ്ഞ മാസം ആദ്യം പാചകവാതക വിലയില്‍ 48.50 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. അതിനു മുമ്പ് സെപ്റ്റംബര്‍ ആദ്യം 39 രൂപയുടെയും ഓഗസ്റ്റ് ആദ്യം 8.50 രൂപയുടെയും വര്‍ധനവ് നടപ്പാക്കിയിരുന്നു. ഇന്നത്തെ വിലവർധനവോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്.