
ഒരു പാർട്ടിക്കുള്ളിലെ നേതാക്കൾ തന്നെ പരസ്പരം പോരടിക്കുന്ന കാഴ്ച ഇന്ന് കേരള രാഷ്ട്രീയത്തിൽ നിത്യ സംഭവമാണ്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ പാലക്കാട് ബിജെപിയിൽ നമ്മൾ കാണുന്നതും അത് തന്നെയാണ്. ഇപ്പോഴിതാ, ഉപതിരഞ്ഞെടുപ്പ് കൺവെൻഷനിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ പിണങ്ങിപ്പോയതായി റിപ്പോർട്ട്.
തനിക്ക് വേദിയിൽ ഇരിക്കാൻ സ്ഥലം ലഭിക്കാതിരുന്നതാണ് സന്ദീപിനെ ചൊടിപ്പിച്ചതെന്നാണ് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. മെട്രോമാൻ ഇ ശ്രീധരനായിരുന്നു കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. വേദിയിൽ കൃഷ്ണദാസ്, വി മുരളീധരൻ, തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടയുള്ള നേതാക്കൾക്ക് സീറ്റ് ലഭിച്ചിരുന്നു. എന്നാൽ സന്ദീപ് വാര്യർക്ക് മാത്രം വേദിയിൽ സീറ്റ് നൽകിയില്ല. ഇതാണ് ബിജെപി നേതാവിനെ ചൊടിപ്പിക്കാൻ കാരണമായത്.
പ്രധാന്യം ഇല്ലാത്ത നേതാക്കൾക്ക് അടക്കം സീറ്റ് നൽകുകയും എന്നാൽ തനിക്ക് സീറ്റ് നൽകിയില്ലെന്നാണ് സന്ദീപിന്റെ പിണക്കത്തിന് കാരണമത്രേ. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ സന്ദീപ് വാര്യർ പ്രതികരിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ബിജെപിയിൽ വിഭാഗീയത രൂക്ഷമാണ്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം തർക്കം ഉടലെടുത്തത്. വനിതാ നേതാവ് ശോഭാ സുരേന്ദ്രനായിരുന്നു തുടക്കത്തിൽ മണ്ഡലത്തിൽ സാധ്യത കൽപ്പിക്കപ്പെട്ടത്. പാർട്ടി നടത്തിയ ആഭ്യന്തര സർവ്വേയിലും ശോഭയ്ക്കായിരുന്നു മുൻതൂക്കം.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ശോഭയെ തള്ളി സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിനായി ചരടുവലിച്ചു. ആ നീക്കം വിജയിക്കുകയും ചെയ്തു. ഇതോടെ ഇടഞ്ഞ് നിൽക്കുകയായിരുന്നു ജില്ലയിലെ ശോഭ പക്ഷത്തുള്ള നേതാക്കൾ. ഇതിനിടയിൽ തനിക്ക് യാതൊരു പിണക്കവുമില്ലെന്ന് വ്യക്തമാക്കി ശോഭ കഴിഞ്ഞ ദിവസം ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുത്തിരുന്നു.
സ്ഥാനാർത്ഥിത്വ മോഹം ഉള്ള വ്യക്തിയല്ല താനെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. എനിക്ക് യാതൊരു പരിഭവവുമില്ല. സ്ഥാനാർഥിത്വത്തിനു വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടക്കുന്ന വ്യക്തിയല്ല ഞാൻ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞയാളാണ് താൻ’, എന്നായിരുന്നു ശോഭയുടെ വാക്കുകൾ. ബി ജെ പിക്ക് കേരളത്തിൽ ഏറ്റവും വിജയസാധ്യതയുണ്ടെന്ന് കൽപ്പിക്കുന്ന മണ്ഡലമാണ് പാലക്കാട്. 2016 മുതൽ സി പി എമ്മിനെ തള്ളി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ് പാർട്ടി ആയിരിക്കുന്നത്. ശോഭ സുരേന്ദ്രനിലൂടെയായിരുന്നു ബി ജെ പി മണ്ഡലത്തിൽ രണ്ടാം സ്ഥാനം പിടിച്ചെടുത്തത്. ഇക്കുറി സി കൃഷ്ണ കുമാറിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് ബി ജെ പി സ്വപ്നം കാണുന്നത്. അതേസമയം ശോഭ ഫാക്ടർ തിരിച്ചടിച്ചാൽ ബി ജെ പി യുടെ മോഹം അസ്ഥാനത്താകുമെന്ന വിലയിരുത്തലുകളും ഉണ്ട്.