കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയതിന് സ്വകാര്യബസ് ഡ്രൈവർക്കെതിരെ കേസ്. കോഴിക്കോട് കോട്ടൂളിയിൽ വെച്ച് ഇന്നലെ വൈകുന്നരമായിരുന്നു സംഭവം.
ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത് 10 വാഹനങ്ങളാണ്. ഇതിൽ പത്താമത്തെ വാഹനത്തിലേക്കാണ് ബസ് കയറിയത്.
കോഴിക്കോട് നരിക്കുനി റൂട്ടിലോടുന്ന കിനാവ് എന്ന ബസ് ഡ്രൈവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടനിലം സ്വദേശി രാജേഷിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വാഹന വ്യൂഹം തീരുന്നതിന് മുമ്പേ ബസ് വലത്തേക്കൊടിക്കുകയായിരുന്നു.
ദിവസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തുവെച്ച് ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടര്‍യാത്രക്കാരിയെ രക്ഷിക്കാനായി എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോര്‍ട്ട് വാഹനങ്ങളും ആംബുലന്‍സും അടക്കം അഞ്ചു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് അലക്ഷ്യമായി ഓടിച്ചുകയറ്റിയ സംഭവം. തിരുവനന്തപുരത്ത് നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കില്ലാത്തതിനാലും വാഹനങ്ങള്‍ക്കു കാര്യമായ കേടുപാടില്ലാത്തതിനാലും കേസ് വേണ്ടെന്ന നിലപാടിലാണ് പോലീസ്. വാഹനയാത്രക്കാരിയെക്കുറിച്ചും കൂടുതല്‍ അന്വേഷണം ഉണ്ടാകില്ല. കേസില്ലാത്തതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുകയോ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുകയോ ചെയ്തിട്ടില്ല. ഇവരുടെ ഭാഗത്ത് മനഃപൂര്‍വമായ തെറ്റുണ്ടായിട്ടില്ലെന്നാണ് പ്രാഥമികനിഗമനം. അതിനാല്‍ വാഹനയാത്രക്കാരിയെ വിളിച്ചുവരുത്തി കൂടുതല്‍ വിവാദങ്ങളുണ്ടാേക്കണ്ടെന്നാണ് നിര്‍ദേശം.