കേരളം ബിജെപിക്ക് ബാലികേറാ മലയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ തൃശ്ശൂരിൽ താമര വിരിയിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. “വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന്” പറയുന്നത് പോലെ ഒത്തുപിടിച്ചപ്പോൾ തൃശൂർ ബിജെപി കൊണ്ട് പോയി. എന്നാൽ തൃശ്ശൂരിൽ ജയിച്ച സുരേഷ് ഗോപി കാരണം ഇപ്പോൾ നാണംകെട്ടിരിക്കുകയാണ് ബിജെപി.
പൊലീസുമായുള്ള തർക്കത്തെത്തുടർന്ന് ദേവസ്വങ്ങൾ പൂരച്ചടങ്ങുകൾ നിർത്തിവച്ച രാത്രി തിരുവമ്പാടി ദേവസ്വത്തിന്റെ ഓഫിസിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപി എത്തിയെന്നതിനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം ചേലക്കരയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസംഗിച്ചു തീർന്നതിനു പിന്നാലെയാണ് ആ വാദം തള്ളി സുരേഷ് ഗോപി എത്തിയത്. സുരേന്ദ്രൻ വിശ്വസിക്കുന്നതു പോലെ ആംബുലൻസിൽ താനവിടെ പോയിട്ടില്ലെന്നും ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യം ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ ഉൾപ്പെടെയുള്ളവർ നേരത്തേ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
സ്വരാജ് റൗണ്ട് വരെ തന്റെ കാറിലാണ് എത്തിയതെന്നും അവിടെനിന്ന് തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് ആംബുലൻസിലാണ് പോയതെന്നും അനീഷ് കുമാർ സുരേഷ് ഗോപിയുടെ പ്രസംഗത്തിനു പിന്നാലെ വിശദീകരിച്ചെങ്കിലും സുരേഷ് ഗോപി ഇന്നലെയും അതിന് വ്യക്തത വരുത്തിയിട്ടില്ല. ഇതോടെ മുതിർന്ന പാർട്ടി നേതാക്കളെ തഴഞ്ഞ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യാൻ സുരേഷ് ഗോപിയെ എത്തിച്ചത് വേണ്ടാത്ത പണിയായെന്ന അവസ്ഥയിലാണ് നേതാക്കളും പ്രവർത്തകരും.
എന്തായാലും കേന്ദ്രമന്ത്രിയും പാർട്ടിയും രണ്ടു തട്ടിലാണെന്ന സൂചനയാണ് പുതിയ വിവാദവും നൽകുന്നത്. നേരത്തേ, മുകേഷ് എംഎൽഎ സ്ഥാനത്തു തുടരുന്നതു സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുകേഷിനെതിരെ കോടതി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ച് സുരേഷ് ഗോപി പൊട്ടി തെറിച്ചിരുന്നു. എന്നാൽ, പാർട്ടി നിലപാട് അതല്ല എന്ന് പിന്നാലെ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറയുകയും ചെയ്തു. ഇപ്പോൾ, പൂരം വിവാദത്തിൽ ആദ്യമായി സുരേഷ് ഗോപി പ്രതികരിച്ചപ്പോഴും സംസ്ഥാന ബിജെപി നേതൃത്വവും മന്ത്രിയും രണ്ടു ദിശയിലായിരിക്കുകയാണ്.
സുരേഷ് ഗോപി ബിനി ടൂറിസ്റ്റ് ഹോമിനു സമീപം ബിജെപി ജില്ലാ പ്രസിഡന്റിന്റെ സ്വകാര്യ കാറിൽ വന്നിറങ്ങി അവിടെനിന്ന് സ്വരാജ് റൗണ്ട് വഴി തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് പോയതാണെങ്കിൽ 250 മീറ്ററോളം ദൂരമാണ് ആംബുലൻസിനെ ആശ്രയിച്ചിരിക്കുക. പൂരം ദിവസം സ്വരാജ് റൗണ്ടിൽ യാത്രാ വാഹനങ്ങൾ കടത്തിവിടില്ല. സുരേഷ് ഗോപി ബിനി ജംക്‌ഷനിൽ ഉണ്ടായിരുന്ന 3 ആംബുലൻസുകളിലൊന്നിൽ കയറിപ്പോകുകയായിരുന്നെന്നാണ് അന്നവിടെ ഉണ്ടായിരുന്ന പൊലീസുകാരും പറയുന്നത്.
പൂരം കലങ്ങിയിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ലോക്സഭാ സ്ഥാനാർഥിയായിരുന്ന സിപിഐ നേതാവ് വി.എസ്.സുനിൽകുമാർ തള്ളിയതോടെ ഇടതു മുന്നണിയിലും പൂരം കലങ്ങിമറിയുകയാണ്. അതേസമയം, സുരേഷ് ഗോപി ആംബുലൻസിൽ സഞ്ചരിച്ചതിനെതിരെ സിപിഐ മണ്ഡലം സെക്രട്ടറി കെ.ബി.സുമേഷ് ഈയിടെ പരാതി നൽകിയെങ്കിലും പൊലീസ് ആകെ ചെയ്തത് പരാതിക്കാരന്റെ മൊഴിയെടുക്കലാണ്. നെട്ടിശേരിയിലെ വീട്ടിൽനിന്ന് ദേവസ്വം ഓഫിസിലേക്കു സുരേഷ് ഗോപി ആംബുലൻസിൽ വന്നുവെന്നാണ് പൊലീസിനും ആർടിഒയ്ക്കും നൽകിയ പരാതിയിൽ സുമേഷ് പറയുന്നത്.