തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ കൾച്ചറൽ ഫോറങ്ങൾക്കും കൂട്ടായ്മകൾക്കും വിലക്ക്. ഓഫിസ് പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാകുന്നു എന്ന കാരണത്താലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച സർക്കുലർ ഇറങ്ങി.
സർവീസ് സംഘടനകൾ നിരവധി പരിപാടികൾക്ക് പുറമെ വകുപ്പ് അടിസ്ഥാനത്തിലുള്ള നിരവധി കൂട്ടായ്മകൾ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ നടക്കുന്നുണ്ട്. പൊതുഭരണവകുപ്പിൽ നിന്ന് വിരമിച്ച അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ എല്ലാ മാസവും വൈ എം സി എ ഹാളിൽ ജീവനക്കാരുടെ ഗാനമേള മുറ തെറ്റാതെ നടക്കുന്നുണ്ട്.
ഉച്ചഭക്ഷണ സമയത്ത് ആണ് ഈ പരിപാടി എങ്കിലും ഗാനമേള തീരുമ്പോൾ 3 മണി കഴിയും. ഇത് പോലെ നിരവധി സമാന പരിപാടികളും അരങ്ങേറുന്നുണ്ട്. സർവീസ് സംഘടനകളുടെ പരിപാടിക്ക് ഒഴികെ വിലക്കുണ്ടാകും. വിലക്ക് ലംഘിച്ച് പരിപാടി സംഘടിപ്പിക്കുന്നവർക്കും പങ്കെടുക്കുന്നവർക്കും നേരെ സർക്കാർ കർശന നടപടി എടുക്കും.