തിരുവനന്തപുരം : സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില. പവന് 59,000 രൂപയായി. 480 രൂപയാണ് ഇപ്പോൾ കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7375 രൂപയായി മാറി. ഡോളറിന്റെ മൂല്യ വർധനവാണ് വില വർധനവിന്റെ മുഖ്യ കാരണം.
ഇങ്ങനെ സ്വർണ്ണവില കൂടിയാൽ ദീപാവലിയോടെ പവന് 64000 രൂപയാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, ഇന്നലെ വില കുറഞ്ഞത് സാധാരണക്കാർക്ക് ഏറെ ആശ്വാസമായിരുന്നു. 360 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം നടന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് നമ്മുടെ ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണ്ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും രാജ്യത്തെ സ്വർണ്ണ വിലയെ ബാധിക്കുന്നു.