പാരിസ് : ഇന്ന് ഫുട്ബോളിലെ രാജാവ് ആരാണെന്ന് ചോദിച്ചാൽ ആരാധകർ ഒന്ന് കുഴയും. കാരണം മെസ്സിയും റൊണാൾഡോയും ഒന്നിനൊന്ന് പ്രകടനമാണ് ഓരോ മത്സരങ്ങളിലും കാഴ്ച വയ്ക്കുന്നത്. എന്നാൽ മെസ്സിയും റൊണാൾഡോയും കഴിഞ്ഞാൽ ആരെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ഈ വർഷത്തെ ബാലണ്‍ ദി ഓർ പുരസ്കാരം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി.
കഴിഞ്ഞ സീസണിൽ ക്ലബ്ബിനായും യൂറോ കപ്പിൽ സ്പെയിനിനായും റോഡ്രി നടത്തിയ പ്രകടനമാണ് ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തിൽ എത്തിച്ചത്. അതേസമയം, റയൽ മഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ പുരസ്‌കാരം നേടുമെന്നായിരുന്നു അഭ്യൂഹം. വിനീഷ്യസ് ജൂനിയറിന് പുരസ്‌കാരം നൽകാത്തതിൽ പ്രതിഷേധിച്ച് റയൽ മഡ്രിഡ് ചടങ്ങ് ബഹിഷ്കരിച്ചു. കൂടാതെ പുരുഷ ഫുട്ബോളിൽ മികച്ച ക്ലബിനും പരിശീലകനും സ്ട്രൈക്കർക്കുമുള്ള പുരസ്കാരങ്ങൾ റയലിനാണ് ലഭിച്ചത്. എന്നാൽ അവരും പുരസ്‌കാരം വാങ്ങാൻ എത്തിയില്ല. 2023-24 സീസണില്‍ യൂറോ കപ്പ് ഉള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ റോഡ്രി നേടി. ഡിഫൻസീവ് മിഡ്ഫീല്‍ഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരത്തിന് നേടാനായി.
അതേസമയം, മികച്ച വനിതാ താരത്തിനുള്ള ബലോൻ ദ് ഓർ ഫെമിനിൻ പുരസ്കാരം ഇത്തവണയും സ്പാനിഷ് ക്ലബ് ബാർസിലോനയുടെ മിഡ്ഫീൽഡർ അയ്റ്റാന ബോൺമറ്റി സ്വന്തമാക്കി. വനിതാ ചാംപ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും ബാർസിലോനയെ കിരീടം നിലനിർത്താൻ അയ്റ്റാന ബോൺമറ്റി വഹിച്ച പങ്ക് വളരെ വലുതാണ്. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാർസിലോനയുടെ സ്പാനിഷ് താരം ലമീൻ യമാൽ നേടി. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന പുരസ്‌കാരമാണ് കോപ്പ ട്രോഫി. ഈ പുരസ്‌കാരം നേടുന്ന 18 വയസ്സിനു താഴെയുള്ള ആദ്യത്തെ താരമായും പതിനേഴുകാരനായ ലമീൻ യമാൽ മാറി.
മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം ആസ്റ്റൺ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് വീണ്ടും സ്വന്തമാക്കി. കോപ്പ അമേരിക്ക കിരീടം ഉൾപ്പെടെ നേടുന്നതിൽ ലെവ് യാഷിൻ വഹിച്ച പങ്ക് വലുതായിരുന്നു. ബയൺ മ്യൂണിക്കിന്റെ ഇംഗ്ലിഷ് സൂപ്പർതാരം ഹാരി കെയ്ൻ, കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും നിലവിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനും കളിക്കുന്ന ഫ്രഞ്ച് താരം കിലിയൻ എംബപ്പെ എന്നിവർ മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം പങ്കിട്ടു.