പട്ന: ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയുണ്ടെന്നും തനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കണമെന്നും പപ്പു യാദവ് എം.പി. ബിഹാറിലെ സ്വതന്ത്ര എംപിയായ പപ്പു യാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജന്‍ ആണ് ഈ ആവശ്യവുമായി എത്തിയത്. സല്‍മാന്‍ഖാന്റെ വസതിക്ക് മുന്നില്‍ വെടിയുതിര്‍ത്തതിന് ഉത്തരവാദികളായ ലോറന്‍സ് ബിഷ്ണോയി സംഘ ത്തിലെ അംഗങ്ങള്‍ തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിന്രെ റെക്കോഡും ബീഹാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന് എംപി കൈമാറി.
ലോറന്‍സ് ബിഷ്ണോയി സംഘത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സംഘത്തിന്റെ കാര്യങ്ങളില്‍ ഇടപെടരുതെന്നും സല്മാന് ഖാന് കേസില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും വിളിച്ചയാള്‍ നിര്‍ദ്ദേശിച്ചിരുന്നു. അല്ലാത്തപക്ഷം തന്നെ കൊല്ലുമെന്നുമാണ് അവര്‍ പറഞ്ഞിരിക്കുന്നതെന്ന് എംപി വ്യക്തമാക്കി.
പോലീസിന്റെ അന്വേഷണത്തില്‍ യുഎഇ നമ്പറില്‍ നിന്നാണ് കോള്‍ എത്തിയതെന്ന് വ്യക്തമായി. തന്റെ സുരക്ഷ വൈ കാറ്റഗറിയില്‍ നിന്ന് ഇസഡ് കാറ്റഗറിയിലേക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചിട്ടുണ്ട്. ബിഹാറിലെ എല്ലാ ജില്ലകളിലും ഒരു പോലീസ് സംഘത്തിന്റെ അകമ്പടി ഉണ്ടായിരിക്കണമെന്നും പൊതുയോഗം നടക്കുന്ന സ്ഥലത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.