മധുരം കഴിക്കാനായി ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ കലർപ്പുള്ള പഞ്ചസാരയും മധുരം അമിതമായാലുണ്ടായാൽ സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുമെല്ലാം പലരേയും മധുരത്തിൽ നിന്ന് പിൻതിരിപ്പിക്കാറുണ്ട്. മധുരം പൂർണമായി ഒഴിവാക്കാൻ സാധിക്കാത്തവരാണ് ഇതിൽ പലരും. അവർക്കുള്ള ടിപ്പാണിത്. അതായത് മധുരം നുണയാൻ പഞ്ചസാരയ്ക്ക് പകരം ഒരൽപ്പം ശർക്കര കഴിച്ചാൽ മതി.
പഞ്ചസാരയുടെ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഒന്നാണ് ശർക്കര. ശർക്കരയിൽ ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പഞ്ചസാര കഴിക്കുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ പതിയെ മാത്രമേ ഉയരുകയുള്ളൂ. പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആരോഗ്യകരമായ ഒരു ചോയ്സ് ആണ് ശർക്കര. ആർത്തവ സമയത്തെ ക്ഷീണവും തളർച്ചയും അകറ്റാനും ആർത്തവ സമയത്തെ അസ്വസ്ഥതകൾ അകറ്റാനും ശർക്കര സഹായിക്കും.
ഹോര്‍മോൺ സന്തുലനം നിലനിർത്താനും ശർക്കരയ്ക്ക് കഴിവുണ്ട്. ആർത്തവകാല ആരോഗ്യം ഇതുവഴി മെച്ചപ്പെടുത്തുകയും ചെയ്യും. അന്നജത്തിന്റെ സ്വാഭാവിക ഉറവിടമാണ് ശർക്കര. ഊർജനില മെച്ചപ്പെടുത്തുന്ന ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ശർക്കര പെട്ടെന്ന് ഊർജമേകുന്ന ഒന്നാണ്. കരിമ്പിൽ ജ്യൂസിൽ നിന്ന് മൊളാസസും ക്രിസ്റ്റലും വേർപെടുത്താത്ത ഒരു ഉൽപന്നമാണ് ശർക്കര. അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റമിനുകൾ എന്നിവ ശർക്കരയിലുണ്ട്. ഈ പോഷകങ്ങൾ സൗഖ്യമേകുന്നതോടൊപ്പം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. എല്ലുകൾക്ക് ആരോഗ്യമേകുന്നു.
ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കി കരളിനെ ഡീടോക്സിഫൈ ചെയ്യാൻ ശർക്കര സഹായിക്കുന്നു. ശർക്കരയുടെ ക്ലെൻസിങ് ഗുണങ്ങൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശർക്കരയിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദ്ദത്തെ പ്രതിരോധിക്കുന്നു. ഫ്രീറാഡിക്കലുകളെ തുരത്തി ഗുരുതര രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ശർക്കര പതിവായി ഉപയോഗിക്കുന്നത് രോഗ പ്രതിരോധ ശക്തി വർധിപ്പിക്കും. രോഗങ്ങളെയും അണുബാധയെയും അകറ്റാൻ സഹായിക്കും.
ഇരുമ്പിന്റെ ഒരു സ്വാഭാവിക ഉറവിടമാണ് ശർക്കര. വിളർച്ച തടയാൻ ശർക്കര നല്ലതാണ്. ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താൻ ശർക്കര പതിവായി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് ശർക്കര നല്ലൊരു ഔഷധമാണ്. ശർക്കരയിലടങ്ങിയ നാരുകൾ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസനപ്രശ്നങ്ങളില്‍ നിന്ന് ആശ്വാസമേകാൻ ശർക്കര സഹായിക്കും. ശർക്കരയിൽ ഇഞ്ചിയോ എള്ളോ ചേർത്ത് കഴിക്കുന്നത് ശ്വസനപ്രശ്നങ്ങൾ അകറ്റി ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.