വോട്ട് പിടിക്കാൻ മുഖ്യമന്ത്രി വേണ്ട !

ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സർക്കാരിൻ്റെ മോശം പ്രതിച്ഛായ. മുഖ്യമന്ത്രിയെ മുന്നിൽ നിറുത്തി വോട്ട് ചോദിച്ചാൽ വിപരിത ഫലമാകും ഉണ്ടാകുക എന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. അതുകൊണ്ട് തന്നെ അത്യാവശം വേദികളിൽ മാത്രം മുഖ്യമന്ത്രി എത്തുന്ന രീതിയിലാണ് പ്രചരണം സംഘടിപ്പിച്ചിരിക്കുന്നത്. തൃക്കാക്കര, പുതുപ്പള്ളി പോലെ മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്ന രീതി ഒഴിവാക്കി അതത് പ്രദേശത്ത് സ്വാധീനമുള്ളവരെ മുന്നിൽ നിറുത്തി വോട്ട് തേടുക എന്ന തന്ത്രമാണ് എൽ.ഡി. എഫ് പയറ്റുന്നത്.

മകൾ വീണ വിജയൻ്റെ മാസപ്പടിയിലും തൃശൂർ പൂരം കലക്കലിനും മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് പിണറായി. വെടിക്കെട്ട് വൈകിയതിനാണോ പൂരം കലങ്ങിയെന്ന് പ്രചരിപ്പിക്കുന്നതെന്ന് പിണറായി ഒരു നമ്പർ ഇറക്കി നോക്കിയെങ്കിലും അതും വിജയം കണ്ടില്ല. മറിച്ച് പൂരം കലക്കൽ വീണ്ടും പ്രചരണ വിഷയമായി. കഴിഞ്ഞ കുറെ നാളുകളായി മൂന്നാം സ്ഥാനത്തുള്ള പാലക്കാട് കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ഇത്തവണ ലഭിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ചേലക്കരയിലെ ചുമതല മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനാണ് പിണറായി നൽകിയിരിക്കുന്നത്. സിറ്റിംഗ് സീറ്റായ ചേലക്കരയിലും കടുത്ത മൽസരമാണ് നടക്കുന്നത്.

റോഡുകളുടെ ശോചനീയ അവസ്ഥയാണ് ചേലക്കരയിലെ പ്രധാന വിഷയമായി ഉയർന്നിരിക്കുന്നത്. സർക്കാരിൻ്റെ പ്രവർത്തനം കൂടി ചേലക്കരയിൽ ചർച്ചയായാൽ ചേലക്കര ചുവപ്പിനെ കൈവിടും. വയനാടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്ന ചർച്ചകളാണ് തുടക്കം മുതൽ ഉയരുന്നത്. 8 വർഷമായി സംസ്ഥാനം ഭരിക്കുന്ന സർക്കാർ എടുത്ത് കാട്ടാൻ ഒരു നേട്ടം പോലും ഇല്ലാതെ പ്രചരണരംഗത്ത് തപ്പിതടയുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. കുടിശിക മന്ത്രി എന്നറിയപ്പെടുന്ന കെ.എൻ. ബാലഗോപാലിനെ ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് അടുപ്പിക്കുന്നില്ല.

ബാലഗോപാൽ എത്തിയാൽ ക്ഷേമ പെൻഷൻ, ക്ഷാമബത്ത, ക്ഷാമ ആശ്വാസം കുടിശികകൾ ചർച്ചയാകും എന്ന ഭീതിയിലാണ് ബാലഗോപാലിനെ അകറ്റി നിറുത്തുന്നത്. എടുത്ത് കാട്ടാൻ നേട്ടങ്ങൾ ഇല്ലാത്തതിനാൽ തുടക്കം മുതലേ വിവാദങ്ങളിൽ കേന്ദ്രികരിച്ചാണ് സി പി എം പ്രവർത്തനം. വയനാടും പാലക്കാടും പച്ച തൊടില്ലെന്ന് അറിയാമെങ്കിലും തുടർച്ചയായി വിവാദങ്ങൾ ഉയർത്തി പാലക്കാട് സീറ്റിൽ യു.ഡി.എഫ് നേതാക്കളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന തന്ത്രമാണ് എൽ.ഡിഎഫ് പയറ്റുന്നത്. ചേലക്കരയിലേക്ക് യു.ഡി.എഫ് പ്രവർത്തനം കേന്ദ്രീകരിക്കാതിരിക്കാനാണ് ഇങ്ങനെ ഒരു തന്ത്രം എൽ ഡി എഫ് പയറ്റുന്നത്.

എങ്ങനെയെങ്കിലും ചേലക്കര കടന്ന് കൂടിയില്ലെങ്കിൽ സർക്കാരിൻ്റെ അവസ്ഥ പരിതാപകരം ആകുമെന്ന് സി പി എമ്മിന് അറിയാം. പാലക്കാട് വിവാദം ഉണ്ടാക്കാൻ വേണ്ടി ഒരു മുഖ്യധാര ചാനലിനെ തന്നെ സി പി എം രംഗത്തിറക്കിയിട്ടുണ്ട്. സി പി എമ്മിൻ്റെ നീക്കം മനസിലാക്കിയ യു.ഡി.എഫ് ചേലക്കരയിലെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ജനങ്ങളോട് സർക്കാർ കാണിച്ച ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞ് വോട്ട് തേടുക എന്ന ലോകസഭ തിരഞ്ഞെടുപ്പിലെ തന്ത്രം ആയിരിക്കും വരും ദിവസങ്ങളിൽ യു.ഡി.എഫ് പയറ്റുക.

സാമ്പത്തിക പ്രതിസന്ധി, കർഷക കുടിശിക, റോഡിൻ്റെ ശോചനിയ അവസ്ഥ, ക്ഷേമ പെൻഷൻ കുടിശിക എന്നിങ്ങനെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ യു.ഡി.എഫ് ചർച്ചയാക്കും. ഒപ്പം കറൻ്റ് ചാർജ്, ബസ് ചാർജ്, ഭൂ നികുതി, ബിൽഡിംഗ് നികുതി തുടങ്ങിയവ ഇരട്ടിയിലധികം വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിച്ചതും സർക്കാരിൻ്റെ ധൂർത്തും പ്രചരണ വിഷയമായി മാറ്റും. മരുമോൻ റിയാസിന് വേണ്ടി മന്ത്രി കസേരയിൽ ഇരുന്ന രാധാകൃഷ്ണനെ ഡൽഹിയിലേക്ക് അയച്ചത് ചർച്ചയാക്കുന്നത് ഇടത് വോട്ടുകൾ കൂടി ലക്ഷ്യം വച്ചാണ്. പിണറായിയും ക്ലിഫ് ഹൗസ് കുടുംബവും ചർച്ചയാക്കി ചേലക്കര പിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പാലക്കാടും വയനാടിനും ഒപ്പം ചേലക്കര കൂടി പിടിച്ച് ഹാട്രിക് ലക്ഷ്യമിട്ടാണ് യു.ഡി.എഫ് യാത്ര. മറഞ്ഞിരുന്നും വിവാദങ്ങൾ ഉയർത്തിയും വോട്ട് പിടിക്കാൻ ശ്രമിക്കുന്ന പിണറായിക്ക് ബാലികേറാമലയാകും 3 ഉപതിരഞ്ഞെടുപ്പുകളും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments