തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ടാം ഗഡുവും പി എഫ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നത് നീട്ടി വെച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
2019 ജൂലൈ 1 നു നിലവില്‍ വരേണ്ടിയിരുന്ന ശമ്പള പരിഷ്‌കരണം 2021 മാര്‍ച്ചില്‍ ആണ് നടപ്പിലായത്. 2019 ജൂലൈ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കുടിശിക 25% വീതം 4 ഗഡുക്കളായി ഏപ്രില്‍ 2023, ഒക്ടോബര്‍ 2023, ഏപ്രില്‍ 2024, ഒക്ടോബര്‍ 2024 തിയതികളിലായി ജീവനക്കാരുടെ പിഎഫില്‍ ക്രെഡിറ്റ് ചെയ്യും എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുന്‍പുള്ള സര്‍ക്കാര്‍ വാഗ്ദാനം.
എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒന്നാം ഗഡു ജീവനക്കാരുടെ പി എഫില്‍ ക്രെഡിറ്റ് ചെയ്യുന്നത് നീട്ടിക്കൊണ്ട് മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഒന്നാം ഗഡു എന്നാണ് പിഎഫില്‍ ക്രെഡിറ്റ് ചെയ്യുക എന്ന് പോലും വ്യക്തമാക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഈ മാസം അനുവദിക്കുമെന്ന് പ്രഖ്യാപിച്ച രണ്ടാം ഗഡുവും പിഎഫില്‍ ലയിപ്പിക്കുന്നത് നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ്.
ഒന്നാം ഗഡുവും രണ്ടാം ഗഡുവും ഇനി മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അനുവദിക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നതിനാല്‍ കുടിശിക ലഭിക്കാതെ പോകുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍. 2024 ജൂലൈ മുതല്‍ അടുത്ത ശമ്പള പരിഷ്‌കരണം നിലവില്‍ വരേണ്ടതുള്ളതാണെങ്കിലും നിലവിലെ കുടിശിക പോലും അനുവദിക്കാത്ത സാഹചര്യത്തില്‍ മറ്റൊരു പരിഷ്‌കരണം വരാന്‍ ഉള്ള സാധ്യത കുറവാണ്.