പി പി ദിവ്യ അടുത്ത പി ശശിയോ !

തിരുവനന്തപുരം : പി പി ദിവ്യ അടുത്ത പി ശശിയോ. ദിവ്യയോട് വിട്ടുവീഴ്ചയില്ല എന്ന് മുഖ്യമന്ത്രി എൽഡി എഫ് യോഗത്തിൽ ഒക്ടോബർ 22 നു പറഞ്ഞത് ദിവ്യയെ രക്ഷപ്പെടുത്താനുള്ള ക്യാപ്സ്യൂളെന്ന് വ്യക്തം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും മുതിർന്ന മാധ്യമപ്രവർത്തകനും സിപിഎമ്മുകാരനുമായിരുന്ന ജി ശക്തിധരന്റെ കുറിപ്പ്.

കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ സിപിഎം നിലാപാടും പിപി ദിവ്യയുടെ പ്രവർത്തനവും വിലയിരുത്തിയാണ് സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചത്. ഒരിക്കൽ കമ്മ്യൂണിസത്തിൽ അടിയുറച്ച് വിശ്വസിച്ച ആൾ എന്നതിനാലും മാധ്യമ പ്രവർത്തനം നടക്കുന്ന സമയം സിപിഎമ്മിന്റെ സുപ്രാധാന നീക്കങ്ങൾ അറിഞ്ഞ ആളുമായതിനാൽ ജി ശക്തിധരന്റ കുറിപ്പ് രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുകയാണ്.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

ദിവ്യ അടുത്ത പി ശശിയോ? ഏറെ കോളിളക്കം സൃഷ്ടിച്ച, അടിയന്തിരാവസ്ഥയിലെ രാജൻ കേസിനു ശേഷം അത്രത്തോളമോ അതിലേറെയോ കേരളത്തെ പിടിച്ചു കുലുക്കുകയാണ് എ ഡി എം നവീൻ ബാബുവിന്റെ ദുരൂഹ മരണവും മരണത്തോട് കേരള ഭരണകൂടം കൈക്കൊളളുന്ന നിരുത്തരവാദ സമീപനവും. മലയാളികളുടെ ഓരോ കുടുംബവും കടുത്ത വ്യഥയിലാണ്. സ്ത്രീകൾ കാട്ടാളനെപ്പോലെ നിസ്സംഗനായിരിക്കുന്ന മുഖ്യമന്ത്രിയെ ശപിക്കുകയാണ്. മുഖ്യമന്ത്രി മാപ്പർഹിക്കാത്ത ക്രൂരതയാണ് നിരാലംബരായ എ ഡി എം നവീൻ ബാബുവിന്റെ കുടുംബത്തോട് കാണിക്കുന്നതെന്ന് ജനങ്ങളാകെ പഴിക്കുന്നു. ഫാരീസ് അബൂബക്കറിനെ പോലെ ഏതെങ്കിലും ശത കോടീശ്വരന്റെ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ മുഖ്യമന്തി അവിടെ പറന്നെത്തും.

പക്ഷെ ഈ ഹതഭാഗ്യർ മുഖ്യമന്ത്രിക്ക് ആരുമല്ല! മനുഷ്യ രൂപവും ആ കോലവുമേയുള്ളൂ,ഹൃദയത്തിന്റെ സ്ഥാനത്ത് മറ്റെന്തോ ആണ്? ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചില പൊടികൈ പ്രയോഗങ്ങൾ നടത്തുന്നതല്ലാതെ പ്രതികളെ ജയിലിലാക്കാനുള്ള ഒരു നടപടിയിലേക്കും പോകുന്നില്ല, എന്നുമാത്രമല്ല പ്രതികൾക്ക് നിസ്സങ്കോചം കവചം തീർക്കുകയാണ് ഭരണകൂടം. തുടക്കത്തിൽ തന്നെ, എ ഡി എം നവീൻ ബാബുവിന്റെ അപകീർത്തിപ്പെടുത്തിയത് അഴിമതിക്കെതിരായ പി പി ദിവ്യയുടെ പോരാട്ടത്തിന്റ വീരഗാഥകൾ മുഴക്കിയാണ്.

ആ ഇല്ലാക്കഥകളിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയും ഡി വൈ എഫ് ഐ നേതാക്കളും ഒരു വാക്കുപോലും തിരുത്തുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയാകട്ടെ നഷ്ടപ്പെട്ടത് എ ഡി എം ആയിട്ടും ഒരാഴ്ചയോളം പ്രതികരിക്കാൻ പോലും കൂട്ടാക്കിയില്ല. വെള്ളാപ്പള്ളി നടേശൻ എന്ന സമുദായ നേതാവിന്റെ മകൻ ചെക്ക് കേസിൽ ഗൾഫിൽ ജയിലിലായപ്പോൽ തൽക്ഷണം കേന്ദ്ര വിദേശകാര്യമന്ത്രിയെ ഇടപെടുത്തി രക്ഷിച്ച മുഖ്യമന്ത്രിക്ക് സർവീസിൽ കളങ്കരഹിതനായി മാതൃകാപരമായി പ്രവർത്തിച്ച എ ഡി എം ന്റെ ജീവിതത്തിന് എന്തുവില?

സ്വന്തം പാർട്ടിയിലെ താടകയെ നിയമത്തിന്റെ കൈകളിൽ എത്താതെ സംരക്ഷിച്ചു നിർത്തുന്നതിൽ എന്താണിത്ര ആവേശം? പോലീസ് സേനയും മറ്റ് അന്വേഷണ ഏജൻസികളുമെല്ലാം കൈ വെള്ളയിലുണ്ടായിട്ടും പൊക്കിയെടുത്ത് ജയിലിലടക്കാൻ എത്ര സമയം വേണം മുഖ്യമന്ത്രിക്ക് ? എന്നിട്ട് പറയുന്ന ഗീർവാണമോ? സർക്കാരും പാർട്ടിയും എല്ലാം എ ഡി എം ന്റെ കുടുംബത്തോടൊപ്പം ആണെന്നും?. എന്തൊരു വഞ്ചന ? തനി ഒറ്റുകാരന്റെ പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കെ. കെ നവീൻ ബാബു ജീവനൊടുക്കിയത് ഒക്ടോബർ 15 ന് ആയിരുന്നല്ലോ? തലശ്ശേയിലെ ജില്ലാസെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്കിയത് ഒക്ടോബർ 18 നും. അന്ന് മുതൽ ദിവ്യയെ കാണാനില്ല.

ആത്മഹത്യാ പേരണാകുറ്റത്തിന് കേസ് എടുത്തതല്ലാതെ ഇതുവരെ ചോദ്യം ചെയ്തില്ല. ദിവ്യയോട് വിട്ടുവീഴ്ചയില്ല എന്ന് മുഖ്യമന്ത്രി എൽഡി എഫ് യോഗത്തിൽ ഒക്ടോബർ 22 നു പറഞ്ഞത് ഒളിച്ചുകളിച്ചതായിരുന്നു എന്ന് വ്യക്തം. അതോടെ അന്വേഷണ സംവിധാനത്തെ കൂച്ചു വിലങ്ങിട്ട് നിർത്തിയെന്നതാണ് അനുഭവം. കാലടി ഗോപിയുടെ ഏഴു രാത്രികള്‍ എന്ന നാടകത്തിലെ പാഷാണം വർക്കിമാരുടെ മന്ത്രിസഭയാണോ ഇപ്പോൾ കേരളം ഭരിക്കുന്നത്?

ഓരോ ഫയലും ഓരോ ജീവിതം ആണെന്ന മുഖ്യമന്ത്രിയുടെ സുപ്രസിദ്ധമായ സൂക്തം അനുസരിച്ച് ജീവിതം കൊണ്ടുപോകുന്ന നേതാവാണത്രെ ദിവ്യ. കോടതിയിൽ കൊടുത്ത ഈ മൊഴി സത്യമാണെങ്കിൽ ഇനിയും ഇത്തരത്തിലുള്ള എത്ര എത്ര ജഡങ്ങൾ കാണേണ്ടിവരും? മുഖ്യമന്ത്രിയുടെ ബൈബിൾ ആണു ദിവ്യ. കേരളത്തിന്റെ യക്ഷിയായി വാഴ്ത്തപ്പെടുകയും ചെയ്യും. ഒരു പക്ഷെ ഇപ്പോൾ സ്ഥാനം തെറിച്ചാലും,അടുത്ത പി ശശി യുടെ ഇടം പിണറായി വിജയൻ നല്കിക്കൂടാ എന്നില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments