KeralaNews

13 കോടിയുടെ ഉപകരാർ സ്വകാര്യ കമ്പനിക്ക്; പിപി ദിവ്യയുടെ ഇടപെടൽ സംശയാസ്പദം

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനവും, സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ കരാര്‍ ഇടപാടുകളില്‍ നിഗൂഢത. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പൊതുമേഖല സ്ഥാപനമായ സില്‍ക്കില്‍ നിന്ന് ഈ കമ്പനി നേടിയെടുത്തത് കോടികളുടെ ഉപകരാറുകളെന്ന് റിപ്പോർട്ട്.

പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിന് ശേഷമാണ് ഇടപാടുകളെന്ന്‌ ശ്രദ്ധേയം. ധര്‍മ്മശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയായ കാര്‍ട്ടന്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ്, ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടി രൂപയുടെ ഉപകരാര്‍ നല്‍കിയിരിക്കുന്നത്. 2020 ഡിസംബര്‍ ഇരുപതിനാണ് പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്. പിന്നാലെ, 2021 ജൂലൈ രണ്ടിന് കമ്പനി ആരംഭിക്കുകയായിരുന്നു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമേഖലാ സ്ഥാപനയമായ സില്‍ക്കിന് നല്‍കിയ 12 കോടി 81 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മൊത്തമായും ഉപകരാര്‍ നല്‍കിയത് ഈ കമ്പനിക്കാണ്. കരാര്‍ പ്രവര്‍ത്തികളില്‍ സില്‍ക്കിന് ഇതുവരെ ലഭിച്ചത് 40 ലക്ഷം രൂപയിൽ താഴെ മാത്രം. അതായത് വെറും 37 ലക്ഷം രൂപ. ബാക്കിവരുന്ന 12 കോടി 44 ലക്ഷം രൂപ കാര്‍ട്ടന്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഐ സി ഐ സി ബാങ്ക് തളിപ്പറമ്പ് ശാഖയിലേക്ക് നല്‍കിയതായി വിവരാവകാശ രേഖകള്‍ പറയുന്നുവെന്നാണ് റിപ്പോർട്ട് .

സിപിഎം മേഖലയായ കാസർകോട്, വയനാട് ജില്ലാ പഞ്ചായത്തുകളുടെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കോടിക്കണക്കിന് രൂപയുടെ പ്രവർത്തികളും ഈ കമ്പനി ഉപകരാർ ഏറ്റെടുത്തിട്ടുണ്ട്. കമ്പനി എം ഡി സിപിഐഎം പ്രവര്‍ത്തകനായ മുഹമ്മദ് ആസിഫ് എന്നയാളാണ് കരാറുകൾ ഏറ്റെടുത്തത്.

അതേസമയം, കണ്ണൂർ പോലീസ് വിജിലൻസ് യൂണിറ്റിൽ ജോലി ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സഹോദരൻ ഈ കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ട്. ജില്ലാ പഞ്ചായത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി നല്‍കിയ മുഴുവന്‍ കരാറുകളിലും ഉപകരാര്‍ ഏറ്റെടുത്തിരിക്കുന്നത് ഈ കമ്പനിയാണ്. കമ്പനിക്ക് പിന്നില്‍ സിപിഐഎം നേതാക്കളാണെന്ന് ഇതിനോടകം പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *