National

വാതക ചോര്‍ച്ച, ചെന്നൈയില്‍ 35 ഓളം വിദ്യാര്‍ത്ഥികളെ ശ്വാസതടസവും തലചുറ്റലും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: സ്‌കൂളിലെ ലാബിലെ വാതക ചോര്‍ച്ചയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 35ഓളം കുട്ടികള്‍ ആശുപത്രിയില്‍. തിരുവൊട്ടിയൂരിലെ വിക്ടറി മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ശ്വാസതടസ്സവും , തലചുറ്റലും കണ്ണിന് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ തേരാടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്നും രക്ഷിതാക്കള്‍ മറ്റ് പല ആശുപത്രികളിലേയ്ക്കും കൊണ്ടുപോയി. 20 ഓളം പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അസാധാരണമായ ദുര്‍ഗന്ധം വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെട്ടത്. അധ്യാപകരോട് കുട്ടികള്‍ ഈ വിവരം പറഞ്ഞെങ്കിലും ബാധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ചൂടുവെള്ളം മാത്രമാണ് നല്‍കിയത്. എന്നാല്‍ ഉച്ചകഴിഞ്ഞ് 2:30 ഓടെ, 6 മുതല്‍ 10 വരെ ക്ലാസ് വരെയുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പലരും തളര്‍ന്നു വീഴാന്‍ തുടങ്ങി. പിന്നീട് ആശുപത്രിയിലേയ്ക്ക് അധ്യാപകര്‍ കൊണ്ടുപോയെങ്കിലും നാലുമണിവരെ കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചിരുന്നില്ലായെന്ന് മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.

നിലവില്‍ ഒരു കുട്ടിയൊഴികെ ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവൊട്ടിയൂര്‍ എം.എല്‍.എ കെ.പി.ശങ്കര്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കുകയും എല്ലാ ചെലവുകളും വഹിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അന്വേഷണത്തിലാണ് ലാബില്‍ നിന്നാണ് വാതകം ചോര്‍ന്നതെന്ന് കണ്ടെത്തിയത്. എന്നാല്‍ ചോരാനിടയായ സാഹചര്യം അറിയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *