
2023- ലെ സമാധാന നൊബേൽ സമ്മാനം നേടിയ നർഗീസ് മുഹമ്മദിയുടെ തടവ് ശിക്ഷയിൽ ആറ് മാസം കൂടി ചേർത്ത് ഇറാൻ. ജയിലിനുള്ളിൽ ആജ്ഞകൾ അനുസരിക്കാത്തതിനും എതിർത്തതിന്‍റെയും പേരിലാണ് ആറ് മാസത്തെ അധിക തടവ് വിധിക്കുന്നത് എന്ന് ഇറാന്‍ ഭരണകൂടം. ഒക്‌ടോബർ 19 ന് ആണ് വിധി വന്നത്. ജയിലിലെ മറ്റൊരു രാഷ്ട്രീയ തടവുകാരിയുടെ വധശിക്ഷ നടപ്പാക്കിയത്തിൽ നർഗീസ് മുഹമ്മദി പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നർഗീസ് ഇതിനകം 30 മാസത്തെ തടവ് അനുഭവിക്കുകയായിരുന്നു, ജനുവരിയിൽ 15 മാസങ്ങൾ കൂടി ചേർത്തിരുന്നു. അതേസമയം അധിക ശിക്ഷ സംബന്ധിച്ച് ഇറാൻ സർക്കാർ പ്രതികരിച്ചിട്ടില്ല.
ഹിജാബിൻ്റെ നിർബന്ധിത ഉപയോഗത്തിനെതിരായ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളുടെ പേരിൽ മുഹമ്മദി 1998 മുതൽ അറസ്റ്റുചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നര്‍ഗസ് മുഹമ്മദി. 2003-ൽ മനുഷ്യാവകാശ പ്രവർത്തക ഷിറിൻ എബാദിയാണ് നോബൽ ജേതാവാകുന്ന ആദ്യ ഇറാനിയന്‍ വനിത.
2016-ൽ വധശിക്ഷയ്‌ക്കെതിരെ പ്രചാരണം നടത്തിയതിന് 16 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. 2021-ൽ വീണ്ടും ജയിലിൽ അടയ്ക്കപ്പെടുന്നതിന് മുന്നേ 2020 -ൽ അവർ മോചിതയായി. ശേഷം ജയിലിൽ സ്ത്രീകളുടെ ദുരുപയോഗത്തെയും ഏകാന്തതടവിനെയും കുറിച്ച് അവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.