ലഡാക്ക്: ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്ന് ഇന്ത്യയും ചൈനയും തങ്ങളുടെ സൈനികരെ പിന്‍വലിച്ചു തുടങ്ങി. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ വേദികളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര, സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ലഡാക്കിലെ ഡെപ്സാങ്, ഡെംചോക്ക് മേഖലകളില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പിരിച്ചുവിടല്‍ പൂര്‍ത്തിയാ ക്കുമെന്നും ചൊവ്വാഴ്ചയോടെ 2020 ഏപ്രിലിന് മുമ്പുള്ള സ്ഥാനങ്ങളിലേക്ക് മടങ്ങുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇരുവശത്തുമുള്ള സൈനികര്‍ 2020 ഏപ്രിലിന് മുമ്പുള്ള സ്ഥാനങ്ങളിലേക്ക് മടങ്ങുകയും എല്ലാ താല്‍ക്കാലിക അടിസ്ഥാന സൗകര്യങ്ങളും – ഷെഡുകളോ ടെന്റുകളോ അടക്കം നീക്കം ചെയ്യുകയും ചെയ്യും, അതേസമയം ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ പതിവ് മീറ്റിംഗുകള്‍ നടത്തുന്നത് തുടരുമെന്നും അറിയിച്ചു. 2020 മെയ് മാസത്തില്‍ പാങ്കോങ് തടാക പ്രദേശത്ത് സൈനിക ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.
കൂടാതെ ജൂണില്‍ ലഡാക്കിലെ ഗാല്‍വാനിലും ഏറ്റുമുട്ടല്‍ നടന്നു. അതില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഗാല്‍വന്‍ അക്രമത്തെ തുടര്‍ന്നുള്ള മാസങ്ങളില്‍ ഇരു രാജ്യങ്ങളും യഥാര്‍ത്ഥ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇവിടെ 70,000 സൈനികരെയും 90-ലധികം ടാങ്കുകളും യുദ്ധവാഹനങ്ങളും സുഖോയ്, ജാഗ്വാര്‍ തുടങ്ങിയ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി ഡല്‍ഹി എയര്‍ലിഫ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പട്രോളിംഗ് കരാര്‍ പ്രഖ്യാപിച്ചത്.