ചെന്നൈ: ഇന്ത്യയില്‍ വന്‍ വിപ്ലവുമായിട്ടായിരുന്നു വന്ദേ ഭാരത് ട്രെയിന്‍ എത്തിയത്. തുടക്കത്തില്‍ ചില തടസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, ട്രെയിന്‍ ഗതാഗതത്തില്‍ വലിയ ഒരു വഴിത്തിരിവായിട്ടാണ് വന്ദേ ഭാരത് എത്തിയത്. ട്രെയിനിന്റെ സ്ലീപ്പര്‍ പതിപ്പ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) പുതിയ പതിപ്പിന്റെ പണികള്‍ നടക്കുന്നത്. സ്ലീപ്പര്‍ പതിപ്പിന്റെ പുതിയ ചിത്രങ്ങള്‍ അധികൃതര്‍ പങ്കിട്ടിരുന്നു. അതി നൂതനമായ സൗകര്യങ്ങളോടെയാണ് പുതിയ സ്ലീപ്പര്‍ ട്രെയിന്‍ എത്തുന്നത്. ഒറ്റരാത്രിക്ക് വേണ്ടി രുപകല്‍പ്പന ചെയ്യുന്ന തരത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പര്‍ 800 കിലോമീറ്ററിനും 1,200 കിലോമീറ്ററിനും ഇടയിലുള്ള റൂട്ടുകളില്‍ പ്രവര്‍ത്തിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഒരേസമയം 820 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 16 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന തീവണ്ടി പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുള്ളതാണ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗമുള്ള പുതിയ ട്രെയിന്‍ യാത്രാസമയം കുറയ്ക്കാനും സാധിക്കുമെന്ന സവിശേഷതയുമുണ്ട്. സെന്‍സര്‍-ആക്ടിവേറ്റഡ് ഡോറുകളാണ് കോച്ചിനുള്ളത്. ടച്ച്-ഫ്രീ ബയോ-വാക്വം ടോയ്ലറ്റുകള്‍ , ടോക്ക്-ബാക്ക് യൂണിറ്റുകള്‍, ഫ്‌ലൈറ്റ്-സ്‌റ്റൈല്‍ അറ്റന്‍ഡന്റ് ബട്ടണുകള്‍ തുടങ്ങി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ മറ്റ് നൂതന സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം എമര്‍ജന്‍സി ബ്രേക്ക് സംവിധാനവുമുണ്ട്.
അപകടസമയത്ത്, കോച്ചുകള്‍ പരസ്പരം കൂട്ടിയിടുന്നത് തടയുന്ന ആന്റി-കൊളിഷന്‍ സിസ്റ്റവും ആന്റി-ക്ലൈംബിംഗ് സാങ്കേതികവിദ്യയും ട്രെയിനില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ട്രെയിന്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. സുരക്ഷ മുന്‍ നിര്‍ത്തി രണ്ട് മാസത്തിനുള്ളില്‍ 90 കിലോമീറ്റര്‍ മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇത് പരീക്ഷിക്കും. നവംബറിലാണ് പുതിയ ട്രെയിനിന്റെ പണി പൂര്‍ത്തീകരിക്കുന്നതിനുള്ള സമയം അവസാനിക്കുന്നത്.