ന്യൂഡല്‍ഹി: ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് എന്‍ഐഎ പ്രഖ്യാപിച്ചു. നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെയ്പ്പിലെ സൂത്രധാരന്‍ അന്‍മോല്‍ ആണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. മാത്രമല്ല, തീവ്രവാദ വിരുദ്ധ ഏജന്‍സിയുടെ കൊടും ക്രിമിനലുകളുടെ ലിസ്റ്റില്‍ അന്‍മോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.
ഒക്ടോബര്‍ 12ന്, അന്‍മോല്‍ ബിഷ്ണോയി മുംബൈയിലെ ബാന്ദ്രയില്‍ വെച്ച് മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സൂചന. കാനഡയില്‍ സ്ഥിരതാമസമാക്കിയ ആളാണ് ഇയാൾ. ഏപ്രിലില്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു.
ഡല്‍ഹിയിലും മറ്റ് ഭാഗങ്ങളിലും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യുവാക്കളെ റിക്രൂട്ട് ചെയ്യാനും, ഫണ്ട് ശേഖരിക്കുന്നതിനുമുള്ള ഗൂഢാലോചന അന്മോലുംസംഘവും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി, 2022 ഓഗസ്റ്റില്‍ ബിഷ്ണോയി സഹോദരന്മാര്‍ ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ അന്‍മോല്‍ രാജ്യം വിടുകയായിരുന്നു.