മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തിക്കെതിരെ, സിബിഐ പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലര്‍ റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഏറെ നാളായി നടി റിയയും കുടുംബവും സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ അലയുകയാണ്. കേസുമായി ബന്ധപ്പെട്ട് റിയയക്ക് ജയിലില്‍ കഴിയേണ്ടതായും വന്നിരുന്നു.
2020 ൽ കേസന്വേഷണം ഏറ്റെടുത്ത സിബിഐ, റിയ ചക്രവർത്തിയ്ക്കും കുടുംബത്തിനുമെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ നടപടിയെ ബോബൈ ഹൈക്കോടതി ചോദ്യം ചെയ്ത് സർക്കുലർ റദ്ദാക്കിയുന്നു. തുടർന്ന്, ഇതിനെതിരെ സിബിഐ, മഹാരാഷ്ട്ര സർക്കാർ, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
സമൂഹത്തില്‍ ഉന്നതസ്ഥാനത്തുള്ളവര്‍ക്കെതിരെ ഇത്തരം നടപടികളുടെ ആവശ്യമില്ലെന്നും, അവര്‍ അന്വേഷണ ഏജന്‍സികളുമായി സഹകരിച്ചിരുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു. 2020 ജൂണ്‍ 14-നാണ് ബാന്ദ്രയിലെ വീട്ടില്‍ സുശാന്ത് സിംഗ് രജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം, മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ പല തലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുകയും കേന്ദ്ര ഏജന്‍സികളടക്കം ഈ കേസില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.