സ്വതസിദ്ധമായ അഭിനയത്തിലൂടെ എന്നും ഇന്ത്യൻ നായികമാർ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ളവരാണ്. ഇങ്ങനെ ഞെട്ടിക്കുന്ന പ്രകടനത്തിലൂടെ ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞ നായികമാർ ഇന്ന് ഇന്ത്യൻ സിനിമയിലുണ്ട്. സൗന്ദര്യവും കഴിവും മാത്രമല്ല ഫാഷൻ സെൻസുകൊണ്ടും വ്യക്തിത്വം കൊണ്ടുമെല്ലാം ഇന്ത്യൻ നായികമാർ ലോകശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ പത്ത് നടിമാരുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
സെപ്റ്റംബറിലെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇതിൽ കൗതുകകരമായ ഒരു കാര്യമുണ്ട്. എന്തെന്നാൽ ബോളിവുഡ് താരങ്ങളെ പോലും മറികടന്ന് തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള നായികമാരാണ് പത്തിൽ ആറ് സ്ഥാനവും സ്വന്തമാക്കിയിരിക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല ഇന്ത്യൻ സിനിമയിലെ സെൻസേഷൻ സാമന്ത റൂത്ത് പ്രഭുവാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി എന്ന സ്ഥാനം ഏറെ നാളുകളായി സാമന്തയ്ക്ക് സ്വന്തമാണ്. അത് ഇത്തവണയും നടി നിലനിർത്തി എന്ന് തന്നെ പറയാം.
ആരോഗ്യപ്രശ്‌നങ്ങൾ കാരണം കുറച്ചുകാലം അഭിനയത്തിൽ നിന്നും വിട്ടുനിന്നെങ്കിലും സാമന്തയുടെ ജനപ്രീതി ഇല്ലാതായിട്ടില്ല. വിരലിലെണ്ണാവുന്ന ബോളിവുഡ് സിനിമകൾ മാത്രം ചെയ്ത സാമന്ത, ബോളിവുഡിലെ താരറാണിമാരായ ആലിയ ഭട്ടിനേയും ദീപിക പദുകോണിനേയും പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. വിവാഹമോചനത്തിനുശേഷം സിനിമയാണ് സാമന്തയുടെ എല്ലാമെല്ലാം. അതുകൊണ്ട് തന്നെ ദിനം പ്രതി നടിയുടെ ആരാധകരുടെ എണ്ണം ആഗോളതലത്തിൽ വർധിക്കുകയാണ്.
നയൻതാര, തൃഷ കൃഷ്ണൻ, കാജൽ അഗർവാൾ, സായ് പല്ലവി, രശ്മിക മന്ദാന എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ആറ് സൗത്ത് ഇന്ത്യൻ താരങ്ങൾ. ആലിയ ഭട്ട്, ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, കിയാര അദ്വാനി എന്നിവരാണ് ആദ്യ പത്തിൽ ഇടംപിടിച്ച ബോളിവുഡ് താരസുന്ദരികൾ. സാമന്ത ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ രണ്ടാം സ്ഥാനം ബോളിവുഡ് കൊണ്ടുപോയി. ആലിയ ഭട്ടാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടിമാരുടെ ലിസ്റ്റിൽ രണ്ടാമതുള്ളത്. മൂന്നാം സ്ഥാനത്ത് ബോളിവുഡ് താര സുന്ദരി ദീപിക പദുകോണാണ്. ഇപ്പോൾ ബോളിവുഡിൽ സജീവമായി നിൽക്കുന്ന നായികമാരിൽ താരമൂല്യമുള്ള നായികയാണ് ദീപിക പദുക്കോൺ.
നാലാം സ്ഥാനം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കാണ്. ജവാനിലൂടെ ബോളിവുഡിലേക്കും കഴിഞ്ഞ വർഷം നയൻസ് അരങ്ങേറിയിരുന്നു. അഞ്ചാം സ്ഥാനത്തുള്ളത് നാൽപതുകാരിയായ തൃഷ കൃഷ്ണനാണ്. ശ്രദ്ധ കപൂറാണ് ആറാം സ്ഥാനത്തുള്ളതെങ്കിൽ ഏഴാം സ്ഥാനത്ത് കാജൽ അഗർവാളാണ്. എട്ടാം സ്ഥാനം സായ് പല്ലവിയും ഒൻപതാം സ്ഥാനം രശ്മിക മന്ദാനയും നേടിയപ്പോൾ പത്താം സ്ഥാനത്ത് കിയാര അദ്വാനിയാണ്.