ക്ഷാമബത്ത 3 ശതമാനം വർദ്ധിപ്പിച്ചതോടെ ജീവനക്കാർക്ക് ലഭിക്കേണ്ടത് 40 മാസത്തെ കുടിശിക . 2021 ജൂലൈ 1 ന് ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്തയാണ് ബാലഗോപാൽ ഇന്നലെ പ്രഖ്യാപിച്ചത്. 2021 ജൂലൈ 1 മുതൽ 2024 ഒക്ടോബർ 30 വരെയുള്ള 40 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കേണ്ടത്.
2021 ജനുവരിയിലെ 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ അർഹതപ്പെട്ട 39 മാസത്തെ കുടിശിക നിഷേധിച്ചത് വിവാദം ആയിരുന്നു.
ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശിക പി.എഫിൽ ലയിപ്പിക്കുന്നതാണ് പതിവ്. 39 മാസത്തെ കുടിശിക നിഷേധിച്ച ബാലഗോപാലിൻ്റെ നടപടിക്കെതിരെ ജീവനക്കാർ പ്രതൃക്ഷ സമരങ്ങൾ സംഘടിപ്പിച്ചു. ലോക സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സർവീസ് സംഘടനകൾ ഈ വിഷയം ഉന്നയിച്ച് പ്രചരണവും നടത്തി. ദയനീയ പരാജയം ആയിരുന്നു ഇടത് മുന്നണിക്ക് ഉണ്ടായത്.
കഴിഞ്ഞ തവണ 39 മാസത്തെ കുടിശിക നിഷേധിച്ചതു പോലെ 40 മാസത്തെ കുടിശിക ബാലഗോപാൽ നിഷേധിക്കുമോയെന്ന ആശങ്കയിലാണ് ജീവനക്കാർ. 40 മാസത്തെ കുടിശികയായി ജീവനക്കാർക്ക് തസ്തികയുടെ സ്വഭാവം അനുസരിച്ച് 27600 രൂപ മുതൽ 1,68,600 രൂപ വരെ ലഭിക്കും. ഓരോ ജീവനക്കാരനും 3 ശതമാനം ക്ഷാമബത്ത വർധനവിലൂടെ 40 മാസത്തെ കുടിശികയായി ലഭിക്കേണ്ട തുക അറിയാം: തസ്തിക, അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, 40 മാസത്തെ കുടിശിക എന്നീ ക്രമത്തിൽ
തസ്തിക | അടിസ്ഥാന ശമ്പളം | ക്ഷാമബത്ത (അടിസ്ഥാന ശമ്പളം X .03) | 40 മാസത്തെ കുടിശിക |
ലാസ്റ്റ് ഗ്രേഡ് സർവൻ്റ്സ് | 23,000 | 690 | 27,600 |
ക്ലാർക്ക് | 26,500 | 795 | 31,800 |
സിവില്‍ പോലീസ് ഓഫീസർ | 31,100 | 933 | 37,320 |
സ്റ്റാഫ് നഴ്സ് | 39,300 | 1,179 | 47,160 |
ഹൈ സ്കൂള്‍ ടീച്ചർ | 45,600 | 1,368 | 54,720 |
പോലീസ് എസ്.ഐ | 55,200 | 1,656 | 66,240 |
സെക്ഷൻ ഓഫീസർ | 56,500 | 1,695 | 67,800 |
എച്ച് എസ് എസ് ടി | 59,300 | 1,779 | 71,160 |
അണ്ടർ സെക്രട്ടറി | 63,700 | 1,911 | 76,440 |
എക്സിക്യൂട്ടീവ് എൻജിനീയർ | 85,000 | 2,550 | 1,02,000 |
സിവില്‍ സർജൻ | 95,600 | 2,868 | 1,14,720 |
ഡെപ്യൂട്ടി സെക്രട്ടറി | 1,07,800 | 3,234 | 1,29,360 |
ജോയിൻ്റ് സെക്രട്ടറി | 1,23,700 | 3,711 | 1,48,440 |
അഡീഷണല്‍ സെക്രട്ടറി | 1,40,500 | 4,215 | 1,68,600 |