
തമിഴ് സിനിമ പ്രേക്ഷകർ ആഘോഷിച്ച ഒരു കഥാപാത്രമാണ് “റോളക്‌സ്”. സമീപ കാലത്ത് സൂര്യയുടെ സിനിമ ജീവിതത്തിൽ ഇത്രയും ഇമ്പാക്ട് നേടിയ കഥാപാത്രം മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല. അതിനാൽ കമലഹാസന്റെ വിക്രം പുറത്തിറങ്ങിയത് മുതൽ സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇപ്പോഴിതാ, ഇതുനുള്ള മറുപടി സൂര്യ തന്നെ നൽകുകയാണ്.

‘‘ഒരു ദിവസത്തിന്റെ പകുതി മാത്രമായിരുന്നു റോളക്സിനായി വേണ്ടി വന്നത്. പക്ഷേ റോളക്‌സിന് ഇത്രമാത്രം സ്‌നേഹം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിക്രത്തിന് ശേഷം ഒരു ദിവസം ഞാന്‍ ലോകേഷിനെ കണ്ടപ്പോള്‍ എന്തു കൊണ്ട് റോളക്‌സിനെ മാത്രം വച്ചു കൊണ്ട് ഒരു സിനിമ ചെയ്തു കൂടായെന്ന് ചോദിച്ചിരുന്നു. കൂടാതെ അതുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകളും നടന്നിരുന്നുവെന്നും സൂര്യ പറയുന്നു”.

“ഞങ്ങള്‍ രണ്ടുപേരുടേയും മറ്റ് പല കമ്മിറ്റ്മെന്റുകൾ കാരണമാണ് ഈ പ്രോജക്ട് നീണ്ടു പോകുന്നത്. മാത്രമല്ല റോളക്‌സിനൊപ്പം ഇരുമ്പുകൈ മായാവിയും ആലോചിക്കുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കുമെന്നാണ് പ്രതീക്ഷ. ഏതാദ്യം, എപ്പോള്‍ സംഭവിക്കുമെന്നതിനുത്തരം ഇപ്പോൾ പറയാനാകില്ലെന്നാണ് സൂര്യ പറയുന്നത്”.

അതേസമയം, സൂര്യ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് “കങ്കുവ”. നവംബർ 14ന് ‘കങ്കുവ’ തിയറ്ററുകളിൽ എത്തും. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. ആദ്യ ഭാഗം നവംബറിൽ റിലീസ് ചെയ്യും. 2023ൽ സംവിധായകൻ ശിവ സിനിമയുടെ പേരിന്റെ അർത്ഥം വെളിപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ‘കങ്കുവ’ എന്നത് പുരാതനമായ ഒരു തമിഴ് വാക്കാണ്. അതിന്റെ അർത്ഥം തീയെന്നും , ദഹിപ്പിക്കാൻ ശേഷിയുള്ളവനെന്നുമാണെന്ന് ശിവ വ്യക്തമാക്കിയിരുന്നു.

ബോബി ഡിയോൾ ഈ ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിൽ എത്തുന്നതായും, ചിത്രത്തിന്റെ മറ്റ് പല കഥാപാത്രങ്ങളും ഇപ്പോഴും പുറത്തു വന്നിട്ടില്ലന്നും റിപ്പോർട്ടുകളുണ്ട്. ഗ്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം തമിഴകത്തുനിന്ന് 1000 കോടി കളക്ഷൻ നേടുന്ന ആദ്യ സിനിമയാകുമോ എന്നതാണ് പ്രേക്ഷകരുടെ വലിയ ആകാംക്ഷ.