കസാന്‍: യുദ്ധത്തിന് പകരം സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു. കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയും യൂറോപ്പിന്റെ ചില ഭാഗങ്ങളും (റഷ്യ, ഉക്രെയ്ന്‍) ആഫ്രിക്കയും പല പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് മോദിയുടെ ഈ വാക്കുകള്‍ പ്രസക്തമാകുന്നത്.
അതേസമയം, തീവ്രവാദത്തിനും തീവ്രവാദ സഹായത്തിനുമെതിരെ രാജ്യങ്ങള്‍ ഒന്നിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഇസ്രായേല്‍-ഗാസ യുദ്ധം തടയുന്നതില്‍ പരാജയപ്പെട്ടതിന് തിരിച്ചടി നേരിടുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പോലുള്ള ആഗോള സ്ഥാപനങ്ങളില്‍ പരിഷ്‌കാരങ്ങളുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുകയും റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ സഹായം നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടി ഭിന്നിപ്പുണ്ടാക്കുന്ന ഒന്നല്ല, പൊതുതാല്‍പ്പര്യമുള്ള ഗ്രൂപ്പാണ് എന്ന സന്ദേശം നാം ലോകത്തിന് നല്‍കണമെന്ന് മറ്റ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.