ഫോം ഔട്ടിലായാലും ക്രിക്കറ്റിൽ നിന്നും ഈ ഗുജറാത്തുകാരന് നിറം മങ്ങലില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനു വേണ്ടി ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്നു തെളിയിക്കുകയാണ് ചേതേശ്വർ പുജാര. രഞ്ജി ട്രോഫിയിൽ തകർപ്പൻ ഡബിളുമായി കസറുകയാണ് താരം.
ഛത്തീസ്ഗഡുമായുള്ള ഗ്രൂപ്പ് ഡി മൽസരത്തിൽ സൗരാഷ്ട്രയ്ക്കു വേണ്ടിയാണ് മൂന്നാം നമ്പറിലെത്തി പുജാര തിളങ്ങിയത്. 378 ബോളിൽ 220 റൺസുമായി അദ്ദേഹം ക്രീസിൽ തുടർന്നു. 23 ഫോറുകളും ഒരു സിക്സറുമുൾപ്പെട്ടതാണ് പുജാരയുടെ ഗംഭീര ഇന്നിങ്സ്. മത്സരം സമനിലയിൽ കലാശിച്ചു. കളിയിലെ താരമായി തിരഞ്ഞെടുത്തതും പൂജാരയെ തന്നെ. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് പുജാര ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പൂജാരയുടെ 18-ാം ഇരട്ട സെഞ്ചുറിയായിരുന്നു ഇത്. ഇതോടെ 37 ഇരട്ട സെഞ്ചുറികൾ നേടിയ ഓസ്ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാൻ, 36 ഇരട്ട സെഞ്ചുറികൾ നേടിയ ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ട്, 22 ഇരട്ട സെഞ്ചുറികൾ നേടിയ പാറ്റ്സി ഹെൻഡ്രെൻ എന്നിവർക്കു പിന്നിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ നാലാമതെത്താനും പുജാരയ്ക്കായി.
വെൽക്കം ബാക്ക് പുജാര..
ചേതേശ്വർ പുജാരയെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിക്കൂയെന്ന ആരാധകരുടെ മുറവിളി ശക്തമായിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരേയുള്ള ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര വരാനിരിക്കുന്നതിനാൽ പുജാര തീർച്ചയായും ടീമിൽ വേണമെന്നാണ് ആരാധകരുടെ ആവശ്യം.
പുജാര ഒഴിച്ചിട്ട മൂന്നാം നമ്പർ പൊസിഷൻ ഏറ്റെടുക്കാൻ കെൽപ്പുള്ള ബാറ്ററെ ഇന്ത്യക്ക് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. നിലവിൽ ഈ റോളിൽ കളിക്കുന്ന ശുഭ്മൻ ഗിൽ ഒട്ടും സ്ഥിരതയുള്ള താരമല്ല. മാത്രമല്ല പുജാരയുടെ പ്രതിരോധ മികവോ, ദുഷ്കരമായ സാഹചര്യങ്ങളിൽ ടീമിനെ കരകയറ്റാനോയുള്ള ശേഷിയും ഗില്ലിനില്ല. അതിനാൽ തന്നെ പുജാരയ്ക്കു വീണ്ടും ഈ റോൾ നൽകാൻ ഇന്ത്യ തയ്യാറാവണമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ പറയുന്നു.
റെക്കോർഡ് സുരക്ഷിതമാക്കി പുജാര
ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവുമധികം ഫസ്റ്റ് ക്ലാസ് ഡബിൾ സെഞ്ച്വറികൾ നേടിയ ഇന്ത്യൻ താരമെന്ന ഓൾടൈം റെക്കോർഡ് നേരത്തേ തന്നെ ചേതേശ്വർ പുജാരയുടെ പേരിൽ ഭദ്രമാണ്. ഇപ്പോൾ മറ്റൊരു ഡബിൾ കൂടി ഇതിലേക്കു ചേർത്ത് ഒന്നാംസ്ഥാനം അദ്ദേഹം കൂടുതൽ അരക്കിട്ടുറപ്പിക്കുകയും ചെയ്തു. കരിയറിലെ 18ാം ഡബിൾ സെഞ്ച്വറിയാണ് പുജാര രഞ്ജിയിലൂടെ പൂർത്തിയാക്കിയിരിക്കുന്നത്. ഇന്ത്യൻ താരങ്ങളുടെ ഈ എലൈറ്റ് ക്ലബ്ബിൽ മറ്റാരും തന്നെ അദ്ദേഹത്തിന്റെ അരികിൽപ്പോലുമില്ല.